ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം
text_fieldsലോസന്നെ (സ്വിറ്റ്സർലൻഡ്): ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ജേതാവായതോടെ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയെ തേടിയെത്തിയത് രണ്ട് നേട്ടങ്ങളാണ്. സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ സൂറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിലേക്കും 2023ലെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടി 24കാരൻ.
വെള്ളിയാഴ്ച രാത്രി ആദ്യ ശ്രമത്തിൽ തന്നെ 89.08 മീറ്റർ എറിഞ്ഞായിരുന്നു സ്വർണം. ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാൽദേയ്ച് (85.88 മീ.) വെള്ളിയും അമേരിക്കക്കാരൻ കർട്ടിസ് തോംപ്സൻ (83.72 മീ.) വെങ്കലവും സ്വന്തമാക്കി. എതിരാളികളെ ബഹുദൂരം പിറകിലാക്കിയ നീരജ് ഡയമണ്ട് ലീഗ് ജേതാവാകുന്ന, ഫൈനൽസ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഒളിമ്പിക് സ്വർണനേട്ടത്തിന്റെ ആഘോഷം തീരുംമുമ്പ് ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി രാജ്യത്തേക്ക് വെള്ളി മെഡൽ എത്തിച്ച താരത്തിന് പരിക്ക് കാരണം കഴിഞ്ഞ കോമൺ വെൽത്ത് ഗെയിംസ് നഷ്ടമായിരുന്നു.
നമ്മുടെ രാജ്യത്തിന് സുപ്രധാനമാണ് വിജയമെന്ന് നീരജ് പ്രതികരിച്ചു. കോമൺവെൽത്ത് ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ ഈ സീസണിൽ ഇനി മത്സരിക്കാനാവില്ലെന്നാണ് കരുതിയത്. പക്ഷേ, വേദന കുറഞ്ഞപ്പോൾ ഡയമണ്ട് ലീഗിന് മുമ്പെ എല്ലാം ഭേദമാവുമെന്ന് വിശ്വസിച്ചിരുന്നു. ഫൈനൽസിന് പത്ത് ദിവസമാണ് ബാക്കിയുള്ളത്. തന്നെ സംബന്ധിച്ച് മഹത്തായ വർഷമാണിത്. അഞ്ച് മത്സരങ്ങളിൽ മൂന്നിലും 89 മീറ്റർ പിന്നിട്ടു. എല്ലാവരും ചോദിക്കുന്നത് 90 മീറ്ററിനെക്കുറിച്ചാണ്. സമയമാവുമ്പോൾ അതും സംഭവിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.