മലപ്പുറം കയറി, വിടാതെ പാലക്കാട്; സ്കൂൾ കായികമേളയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsകോഴിക്കോട്: 68ാമത് സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാംനാളും ചാമ്പ്യൻപട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ദിനം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാലക്കാടിനെ രണ്ടാമതാക്കി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം മുന്നിൽക്കയറി.
32 ഫൈനൽ മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമായി 59 പോയന്റോടെയാണ് മലപ്പുറം കുതിക്കുന്നത്. ഏഴ് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ നേടി 54 പോയന്റോടെ പാലക്കാട് തൊട്ടുപിന്നിൽ രണ്ടാമതുണ്ട്. തിരുവനന്തപുരമാണ് (45) മൂന്നാമത്.
ബുധനാഴ്ച രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതുൽ റെക്കോഡിട്ടു.
ജൂനിയർ ബോയ്സ് ലോങ് ജംപിൽ കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവ് മീറ്റ് റെക്കോഡ് സ്ഥാപിച്ചെങ്കിലും പ്രായത്തട്ടിപ്പ് പരാതിയെത്തുടർന്ന് ഫലം തടഞ്ഞുവെച്ചതിനാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
അതേസമയം, ഓവറോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കുതിപ്പിൽ തിരുവനന്തപുരം പോയന്റ് 1913 ആക്കി ഉയർത്തി. തൃശൂരും (857) കോഴിക്കോടുമാണ് (728) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇന്നത്തെ ഫൈനലുകൾ
ജൂനിയർ ബോയ്സ് 5000 മീ. നടത്തം, ജൂനിയർ ഗേൾസ് 3000 മീ. നടത്തം, സബ് ജൂനിയർ ഗേൾസ് ലോങ് ജംപ്, സബ് ജൂനിയർ ബോയ്സ് ലോങ് ജംപ്, സബ് ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ, സബ് ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ, സബ് ജൂനിയർ ഗേൾസ് 80 മീ. ഹർഡ്ൽസ്, സബ് ജൂനിയർ ബോയ്സ് 80 മീ. ഹർഡ്ൽസ്, ജൂനിയർ ഗേൾസ് 100 മീ. ഹർഡ്ൽസ്, സീനിയർ ഗേൾസ് 100 മീ. ഹർഡ്ൽസ്, ജൂനിയർ ബോയ്സ് പോൾവാൾട്ട്, ജൂനിയർ ബോയ്സ് 110 മീ. ഹർഡ്ൽസ്, സീനിയർ ബോയ്സ് 110 മീ. ഹർഡ്ൽസ്, സബ് ജൂനിയർ ബോയ്സ് ഹൈജംപ്, സീനിയർ ഗേൾസ് ലോങ് ജംപ്, സീനിയർ ഗേൾസ് ജാവലിൻ ത്രോ, സീനിയർ ബോയ്സ് ലോങ് ജംപ്, 4x100 മീ. റിലേ എല്ലാ വിഭാഗങ്ങളിലും.

