Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്ര വെള്ളി! യൂത്ത് ഒളിമ്പിക്‌സിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ തൻവി പത്രി

text_fields
bookmark_border
Youth Olympics
cancel

ഡാകാർ(സെനഗാൾ): യൂത്ത് ഒളിമ്പിക്‌സിൽ വ്യക്തിഗത വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പെൺകുട്ടിയെന്ന ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരം തൻവി പത്രി. ഫൈനലിൽ ചൈനയുടെ ഷാങ് യി സിന്നിനോട് കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. ഒരു മണിക്കൂറും 22 മിനിറ്റും നീണ്ട ഫൈനലിൽ 15കാരിയായ തൻവി ആറ് മാച്ച് പോയന്റുകൾ അതിജീവിച്ചു. ഒടുവിൽ 21-15, 13-21, 24-26 എന്ന സ്‌കോറിന് കീഴടങ്ങാനായിരുന്നു വിധി. യൂത്ത് ഒളിമ്പിക്‌സിൽ വ്യക്തിഗത വെള്ളി മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് തൻവി. മലയാളി താരം എച്ച്.എസ്. പ്രണോയ് (2010), ലക്ഷ്യ സെൻ (2018) എന്നീ പുരുഷ താരങ്ങളാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഫൈനലിലെ ആദ്യ ഗെയിമിൽ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന തൻവി തുടർച്ചയായി ഏഴ് പോയന്റുകൾ നേടി 3-5 എന്ന നിലയിൽ നിന്ന് 10-5 എന്ന ലീഡിലെത്തി. 25 മിനിറ്റിനുള്ളിൽ ആദ്യ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമിൽ 4-0 എന്ന ലീഡുമായി തൻവി തുടക്കം ഗംഭീരമാക്കി. എന്നാൽ, കാറ്റിന്റെ ഗതി ഷോട്ടുകളുടെ നിയന്ത്രണത്തെ ബാധിച്ചത് തിരിച്ചടിയായി. ഇടവേളക്കുശേഷം കളിയിൽ ആധിപത്യം സ്ഥാപിച്ച ഷാങ് രണ്ടാം ഗെയിം നേടി. മൂന്നാം ഗെയിം അത്യാവേശമുള്ളതായിരുന്നു. തന്റെ പ്രത്യേകതയായ ക്രോസ് കോർട്ട് ഡ്രോപ്പുകൾ ഉപയോഗിച്ച് ഷാങ് 19-10ന് ഏറെ മുന്നിലെത്തി. വീറോടെ പൊരുതിയ തൻവി സ്കോർ 19-15 എന്ന നിലയിലെത്തിച്ചു.

ഒരു ക്രോസ് കോർട്ട് സ്മാഷ് ശ്രമത്തിനിടെ സംഭവിച്ച പിഴവ് ചൈനീസ് എതിരാളിക്ക് അഞ്ച് മാച്ച് പോയന്റുകൾ സമ്മാനിച്ചു. ഈ മാച്ച് പോയന്റുകളെല്ലാം അതിജീവിച്ച തൻവിക്ക്, സ്വർണം ഉറപ്പിക്കാൻ മൂന്ന് അവസരങ്ങൾ കൂടി ലഭിച്ചിരുന്നു. എന്നാൽ, ചൈനീസ് താരം മികവ് തുടർന്ന് സ്വർണത്തിലെത്തി. ഭാവിയിലെ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വലിയ ഈ നേട്ടം പ്രചോദനമേകുമെന്ന് തൻവി പറഞ്ഞു. ചരിത്രനേട്ടം കൈവരിച്ച തൻവി പത്രി രാജ്യത്തിന് അഭിമാനമായെന്നും വെറും 15ാം വയസ്സിൽ വെള്ളി മെഡൽ നേടുക എന്നത് അസാധാരണമാണെന്നും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു.

ബെംഗളൂരുവിൽ ജനിച്ച തൻവി ചൈനയിലാണ് കുട്ടിക്കാലത്ത് ബാഡ്മിന്റൺ പരിശീലനം നടത്തിയത്. 2020ൽ നാട്ടിൽ തിരിച്ചെത്തി. പിന്നീട് പ്രകാശ് പദുക്കോൺ അക്കാദമയിൽ ചേർന്നു. ഏഷ്യൻ അണ്ടർ 15, അണ്ടർ 17 കിരീടം നേടിയ ഈ മിടുക്കിയുടെ പരിശീലകൻ മലയാളിയായ യു.വിമൽ കുമാറാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India’s Tanvi Patri wins silver medal at the Youth Olympics
Next Story