Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോമൺവെൽത്ത് ഗെയിംസിൽ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഓരോ വെള്ളിയും വെങ്കലവുംകൂടി

text_fields
bookmark_border
Commonwealth Games
cancel
camera_alt

കാനഡക്കെതിരായ വനിത ഹോക്കി മത്സരത്തിൽ ഇന്ത്യയുടെ ഗോളാഘോഷം

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ആറാംദിനം ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ ഒരു വെങ്കലംകൂടി. പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗത്തിൽ ലവ്പ്രീത് സിങ് 355 കിലോ (163+192) ഉയർത്തിയാണ് മൂന്നാമനായത്. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഇതോടെ അഞ്ചുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമായി. പുരുഷ ലോങ് ജംപിൽ സ്വർണം തേടി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ വ്യാഴാഴ്ചയിറങ്ങും. ഫൈനലിലെത്തിയ വൈ. മുഹമ്മദ് അനീസും മികവ് കാട്ടിയാൽ കേരളത്തിന് അത് ഇരട്ടിമധുരമാവും.

ഹോക്കിയിൽ വനിതകൾ സെമിയിൽ

ഹോക്കിയിൽ കാനഡയെ 3-2ന് തോൽപിച്ച് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിൽനിന്ന ശേഷം ഇന്ത്യ സമനില വഴങ്ങിയെങ്കിലും വിജയഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതിനാൽ ജീവന്മരണ പോരാട്ടമായിരുന്നു. അതേസമയം, കാനഡയെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്ത് പുരുഷന്മാരും ജയം ആഘോഷിച്ചു.

മെഡലുറപ്പിച്ച് നീതുവും ഹുസാമുദ്ദീനും

പുരുഷ ബോക്സിങ് 57 കിലോഗ്രാമിൽ ഹുസാമുദ്ദീൻ മുഹമ്മദും വനിത 48 കിലോഗ്രാമിൽ നീതും ഗാൻജസും സെമി ഫൈനലിലെത്തിയതോടെ ഇന്ത്യക്ക് രണ്ട് മെഡൽകൂടി ഉറപ്പായി. സെമിയിൽ തോറ്റാലും ഇവർക്ക് വെങ്കലം ലഭിക്കും. നമീബിയയുടെ ട്രൈഎഗൈൻ മോണിങ് എൻഡെവെലോയെ 4-1നാണ് കഴിഞ്ഞ തവണത്തെ വെങ്കല ജേതാവായ ഹുസാമുദ്ദീൻ മറിച്ചിട്ടത്. അയർലാൻഡിന്റെ നികോൾ സ്ലൈഡിനെതിരെ നീതുവും ജയംകണ്ടു.

സീമക്കും നവ്ജീതിനും വെറുംകൈ മടക്കം

വനിത ഡിസ്കസ് ത്രോ ഫൈനൽ നടക്കുമ്പോൾ ഒരു മെഡലെങ്കിലും കണക്കുകൂട്ടി‍യിരുന്നു ഇന്ത്യ. സീമ പുനിയയും നവ്ജീത് കൗർ ധില്ലോണും 2018ൽ യഥാക്രമം വെള്ളിയും വെങ്കലവും നേടിയവരാണ്. സീമക്ക് ഇക്കുറി ലഭിച്ചത് പക്ഷെ, അഞ്ചാം സ്ഥാനം (55.92 മീറ്റർ). നവ്ജീത് എട്ടാം സ്ഥാനത്തുമായി (53.51 മീ.). നൈജീരിയയുടെ ചിയോമ ഒൻയെക്വെർവ് (61.70) സ്വർണവും ഇംഗ്ലണ്ടിന്റെ ജേഡ് ലാലി (58.42) വെള്ളിയും നൈജീരിയയുടെതന്നെ ഒബിയാഗേരി അമേചി (56.99) വെങ്കലവും നേടി. കഴിഞ്ഞ നാല് ഗെയിംസുകളിൽ മൂന്നിലും വെള്ളിയും ഒന്നിൽ വെങ്കലവും നേടിയ സീമ ഇതാദ്യമായാണ് വെറുംകൈയോടെ മടങ്ങുന്നത്. ഇത് തന്റെ അവസാന കോമൺവെൽത്ത് ഗെയിംസാണെന്ന് വ്യക്തമാക്കിയ 39കാരി, വിരമിക്കൽ ഉടനില്ലെന്നും അറിയിച്ചു.

സ്വർണം കൈവിട്ട ബാഡ്മിന്റൺ

മിക്സഡ് ബാഡ്മിന്റണിൽ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് ഇത്തവണ ഫൈനലിൽ കനത്ത തോൽവി (1-3). ഇതോടെ മലേഷ്യക്ക് പിന്നിൽ വെള്ളിയുമായി രണ്ടാമതായി ടീം. വനിത സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധു ഗോ ജിൻ വേയിക്കെതിരെ നേടിയ 22-20, 21-17 സ്കോറിലെ ജയം മാത്രമാണ് ആശ്വാസം.

പുരുഷ ഡബ്ൾസോടെയായിരുന്നു തുടക്കം. സാത്വിക് സായ് രാജ് രാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും 18-21, 15-21ന് ടെങ് ഫോങ് ആരോൺ ചിയ-വൂയ് യിക് സോഹ് സഖ്യത്തോട് മുട്ടുമടക്കി. പിന്നാലെ സിന്ധു ജയവുമായി 1-1 ആക്കിയെങ്കിലും പുരുഷ സിംഗ്ൾസിലും വനിത ഡബ്ൾസിലും പരാജയം രുചിച്ചു.

കിഡംബി ശ്രീകാന്ത് നിറംമങ്ങിയ മത്സരത്തിൽ എങ് സേ യോങ്ങിനോട് 19-21, 21-6, 16-21ന് തോറ്റു. വനിത ഡബ്ൾസിൽ തെരേസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം തിനാ മുരളീധരൻ-ടാങ് കൂങ് ലേ പേളി കൂട്ടുകെട്ടിനോട് 18-21, 17-21ന് അടിപതറിയതോടെ സ്വർണം മലേഷ്യക്ക്. അപ്രസക്തമായതിനാൽ മിക്സഡ് ഡബ്ൾസ് മത്സരം നടന്നില്ല.

ചാട്ടം പൊന്നാവുമോ...

പുരുഷ ലോങ് ജംപ് യോഗ്യത റൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ 8.05 മീ. ചാടി ഒന്നാമനായാണ് പാലക്കാട്ടുകാരനായ ശ്രീശങ്കർ ഫൈനലിലെത്തിയത്. മറ്റാരും എട്ട് മീറ്റർ പിന്നിട്ടില്ലെന്നതും ശ്രദ്ധേയം. രണ്ടാമതുള്ള ബഹാമസിന്റെ ലക്വാൻ നയറൻ ചാടിയത് 7.90 മീറ്ററാണ്. അനീസ് 7.68 മീ. ചാടി ഗ്രൂപ് ബിയിൽ മൂന്നാമനും മൊത്തത്തിൽ എട്ടാമനുമായി മെഡൽ പോരാട്ടത്തിന് ടിക്കറ്റെടുത്തു.

ലോക ചാമ്പ്യൻഷിപ് ലോങ് ജംപ് ഫൈനലിലെത്തിയ ഇന്ത്യയുടെ ആദ്യ പുരുഷ താരമാണ് ശ്രീശങ്കർ. ഏഴാമനായെങ്കിലും ബർമിങ്ഹാമിൽനിന്ന് വെറുംകൈയോടെ ശ്രീ മടങ്ങാൻ സാധ്യതയില്ല. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്. 8.15 മീ. വരെ ചാടിയിട്ടുള്ള കൊല്ലം സ്വദേശി അനീസിലും പ്രതീക്ഷയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commonwealth Games 2022
News Summary - India with silver and bronze each at Commonwealth Games
Next Story