പൊൻ പാർവണം
text_fieldsപാർവണ ജിതേഷ് -ജൂനിയർ ഗേൾസ് ഷോട്ട്പുട്ട് (ജി.എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോട്)
തിരുവനന്തപുരം: ‘ഈ വേദന മറന്ന് മാക്സിമം ചെയ്തെടുക്കും’ -കാൽമുട്ടിനെ ഞെരിച്ചമർത്തുന്ന വേദനയോടും തന്നോട് തന്നെയും പാർവണ ഉറപ്പിച്ചു പറഞ്ഞു. ആ ഉറപ്പും നെഞ്ചേറ്റിയാണ് പണ്ട് റെക്കോഡ് സ്റ്റാർ ആക്കി മാറ്റിയ തിരുവനന്തപുരത്തേക്ക് അവൾ വണ്ടി കയറിയത്.
ഒരു വേദനക്കും വഴി മുടക്കാൻ ആകില്ലെന്ന് സ്വയം ഉറപ്പിക്കുക ആയിരുന്നു മുന്നിലെ ലക്ഷ്യം. തൃശൂരിലെ ആശുപത്രിയിൽ നിന്നുള്ള ആ യാത്ര അവസാനിച്ചതാകട്ടെ സ്വർണം വീഴ്ത്തിയ ഏറിലും. എത്ര വേദനവന്നാലും കൈകളിൽ സ്വർണം എന്നും ഭദ്രമെന്ന് വീണ്ടും തെളിയിച്ച് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലാണ് കാസർകോഡ് ജി.എച്ച്.എസ്.എസ് കുട്ടമത്തിന്റെ പാർവണ ജിതേഷ് ഒന്നാം സ്ഥാനം അനായാസം എറിഞ്ഞിട്ടത്. 12.55 മീറ്ററിലേക്ക് ഷോട്ട് പായിച്ചപ്പോൾ പ്ലസ്വൺകാരിയുടെ നിശ്ചയദാർഢ്യം കൂടിയാണ് വിജയം കണ്ടത്.
കെ.സി ത്രോസ് അക്കാദമിയിലെ കോച്ച് കെ.സി. ഗിരീഷും പിതാവ് മുൻ ഫുട്ബാൾ താരം പി.വി.ജിതേഷ് കുമാറും മാതാവ് ബിന്ദുവും അവളുടെ ഉറപ്പിനൊപ്പം കട്ടക്ക് കൂടെനിൽക്കാനായതിന്റെ ആത്മസംതൃപ്തിയാണ് ആ സുവർണനിമിഷം പങ്കുവച്ചത്. ഇത്തവണത്തെ സ്വർണത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ നാലാം സ്വർണമാണ് പാർവണ സ്വന്തമാക്കിയത്. തൃശൂരിൽ മാസങ്ങളായി തുടരുന്ന ഫിസിയോതെറാപ്പി ചികിത്സക്ക് ബ്രേക്ക് നൽകിയാണ് ഏറെ പ്രിയപ്പെട്ട സ്കൂൾ കായികമേളയുടെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. ഇവിടെ സ്വർണമെന്നാൽ, തനിക്ക് മുന്നോട്ട് ഇനിയും ഏറെ ദൂരങ്ങൾ താണ്ടാനുള്ള ഊർജമാണെന്ന് ഉറപ്പിച്ച് പറയുകയാണ് പാർവണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

