ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ്: സമാപന നാൾ കേരളത്തിന്‍റെ മെഡൽ വേട്ട
text_fieldsഅബ്ദുല്ല അബൂബക്കർ
റാഞ്ചി: 26ാമത് ദേശീയ ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ നാലാമത്തെയും അവസാനത്തെയും ദിനത്തിൽ കേരളത്തിന്റെ മെഡൽ കൊയ്ത്ത്. രണ്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്. പുരുഷ ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കറും വനിത ലോങ് ജംപിൽ ആൻസി സോജനും സ്വർണത്തോടൊപ്പം ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യതയും കരസ്ഥമാക്കി.
പുരുഷ ട്രിപ്ൾ ജംപിൽ യു. കാർത്തിക്കിലൂടെ കേരളം വെള്ളിയും നേടി. 800 മീറ്ററിൽ മുഹമ്മദ് അഫ്സലും വനിത 400 മീ. ഹർഡ്ൽസിൽ ആർ. ആരതിയും ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യയുമാണ് മറ്റു രണ്ടാം സ്ഥാനക്കാർ. പുരുഷ 400 മീ. ഹർഡ്ൽസിൽ എം.പി ജാബിറും വനിതകളുടെ ഈ ഇനത്തിൽ ആർ. അനുവും ലോങ് ജംപിൽ നയന ജെയിംസും വെങ്കലവും സമ്മാനിച്ചു. മൂന്ന് സ്വർണവും ആറ് വീതം വെള്ളിയും വെങ്കലവുമാണ് മീറ്റിൽ കേരളത്തിന്റെ ആകെ സമ്പാദ്യം.
പൊൻചാട്ടം
പുരുഷ ട്രിപ്ൾ ജംപിൽ 16.76 മീറ്റർ ചാടിയാണ് അബ്ദുല്ല അബൂബക്കർ സ്വർണവും ഏഷ്യൻ യോഗ്യതയും കരസ്ഥമാക്കിയത്. 16.60 മീറ്ററായിരുന്നു യോഗ്യത കടമ്പ. യു. കാർത്തിക് 16.44 മീറ്ററിൽ വെള്ളി നേടി. തമിഴ്നാടിന്റെ മുഹമ്മദ് സലാഹുദ്ദീനാണ് (16.03) വെങ്കലം. മറ്റൊരു കേരള താരം എ. വൈശാഖ് എട്ടാമനായി. വനിത ലോങ് ജംപിൽ 6.56 മീറ്റർ ചാടിയാണ് ആൻസി സോജൻ ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത നേടിയത്. 6.45 മീറ്ററായിരുന്നു യോഗ്യത മാർക്ക്.
ആൻസി സോജൻ
ആന്ധ്രപ്രദേശിന്റെ കാർത്തിക ഗോതാന്ദപാനിക്ക് (6.31) തൊട്ടുപിന്നിൽ മൂന്നാമതെത്തിയാണ് നയന ജെയിംസ് (6.30) വെങ്കലം കരസ്ഥമാക്കിയത്. വനിത 400 മീറ്റർ ഹർഡ്ൽസിൽ കേരളത്തിനായി വെള്ളിയും വെങ്കലവും നേടിയ ആർ. ആരതിയും ആർ. അനുവും യഥാക്രമം 58.29 സെക്കൻഡിലും 59.32ലും പൂർത്തിയാക്കി. സ്വർണം നേടിയ തമിഴ്നാടിന്റെ വിദ്യ രാംരാജ് 57.51 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
പുരുഷ 400 മീറ്റർ ഹർഡ്ൽസിൽ 49.99 സെക്കൻഡിൽ ഓടിയെത്തിയാണ് കേരളത്തിന്റെ ഒളിമ്പ്യൻ എം.പി. ജാബിർ മൂന്നാമനായത്. കർണാടകയുടെ പി. യശസ് (49.40) സ്വർണത്തോടെ ഏഷ്യൻ യോഗ്യത നേടി. തമിഴ്നാടിന്റെ ടി. സന്തോഷിനാണ് (49.51) വെങ്കലം. പുരുഷ 800 മീറ്ററിൽ 1:47.66 മിനിറ്റിൽ ഫിനിഷ് ചെയ്ത മുഹമ്മദ് അഫ്സൽ ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത മാർക്കായ 1:49.05 മിനിറ്റിനെക്കാൾ മികച്ച പ്രകടനം നടത്തി. ഹരിയാനയുടെ കൃഷ്ണകുമാറിന് (1:46.83) സ്വർണവും ഏഷ്യൻ യോഗ്യതയും ലഭിച്ചു. ഹൈജംപ് വെള്ളിയിലേക്ക് 1.76 മീറ്ററാണ് എയ്ഞ്ചൽ പി. ദേവസ്യ ചാടിയത്. ഹരിയാനയുടെ റുബീന യാദവിന് (1.80) സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും ലഭിച്ചു. ഉത്തർപ്രദേശിന്റെ ഖ്യാതി മാത്തൂറിനാണ് (1.76) വെങ്കലം.
ഇരട്ട ജ്യോതി
കഴിഞ്ഞ ദിവസം വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജിക്ക് 200 മീറ്ററിലും ഒന്നാം സ്ഥാനം. 23.42 സെക്കൻഡിൽ ഫിനിഷ് ചെയ്തു ജ്യോതി. ഹർഡ്ൽസിന് പിന്നാലെ 200 മീറ്ററിലും താരം ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യത നേടി. തമിഴ്നാടിന്റെ അർച്ചന എസ്. സുശീന്ദ്രനാണ് (23.61) വെള്ളി. മധ്യപ്രദേശിന്റെ ഹിമാനി ചന്ദേൽ (24.23) വെങ്കലം നേടി. 200 മീറ്റർ ഫൈനലിൽ കേരളത്തിന്റെ ഏക സാന്നിധ്യമായിരുന്ന പി.ഡി. അഞ്ജലി (25.16) ആറാം സ്ഥാനത്തായി.
പുരുഷന്മാരിൽ അസമിന്റെ അംലാൻ ബൊർഗോഹെയ്നാണ് (20.83) സ്വർണം. ഛത്തിസ്ഗഢിന്റെ അനിമേഷ് കുജൂർ (20.94) വെള്ളിയും ഹരിയാനയുടെ കപിൽ (21.44) വെങ്കലവും നേടി. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിന് പിന്നാലെ 5000 മീറ്ററിലും ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യത നേടി ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ്. 5000ത്തിൽ 13:54.41 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഗുൽവീർ സ്വർണം നേടിയത്. ഉത്തർപ്രദേശിന്റെ തന്നെ അഭിഷേക് പാൽ വെള്ളിയും സ്വന്തമാക്കി. വനിതകളിൽ ഉത്തരാഖണ്ഡിന്റെ അങ്കിതക്കാണ് (15:49.49 മി.) സ്വർണം.
വനിത പോൾവോൾട്ടിൽ ആദ്യ മൂന്ന് സ്ഥാനവും തമിഴ്നാട് താരങ്ങൾ നേടി. റോസി മീന പോൾരാജിന് സ്വർണവും പവിത്ര വെങ്കടേശിന് വെള്ളിയും ബൻസിയ ഇളങ്കോവന് വെങ്കലവും ലഭിച്ചു. വനിത 800 മീറ്ററിൽ ഡൽഹിയുടെ ചന്ദ 2:01.79 മിനിറ്റിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത നേടി.