സൈക്ലിങ്ങിനിടെ ട്രാക്കിൽ തെന്നിവീണു; ഇന്ത്യൻ താരത്തിന്‍റെ ശരീരത്തിലൂടെ മറ്റൊരു സൈക്കിൾ കയറിയിറങ്ങി; വിഡിയോ
text_fieldsബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സൈക്ലിങ് മത്സരത്തിൽ ഇന്ത്യന്‍ താരം മീനാക്ഷിയുടെ ശരീരത്തിലൂടെ സൈക്കിൾ കയറിയിറങ്ങി.
വനിതകളുടെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസിനിടെ ട്രാക്കിൽ തെന്നി വീണ മീനാക്ഷിയുടെ ശരീരത്തിലൂടെയാണ് മറ്റൊരു മത്സരാര്‍ഥിയുടെ സൈക്കിള്‍ കയറിയിറങ്ങിയത്. ന്യൂസിലൻഡിന്‍റെ ബ്രയോണി ബോത്തയുടെ സൈക്കിളാണ് കയറിയത്. നിലത്ത് വീണ മീനാക്ഷിയെ ഇടിച്ച് നിയന്ത്രണം നഷ്ടമായ കിവീസ് താരവും ട്രാക്കില്‍ തെറിച്ചുവീണു.
ഡോക്ടർമാർ ഉടൻ സ്ഥലത്തെത്തി ഇരുവർക്കും പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ഇരുവരും മത്സരത്തിൽനിന്ന് പിന്മാറി. പരിക്കേറ്റ മീനാക്ഷിയെ സ്ട്രച്ചറിലാണ് കൊണ്ടുപോയത്. താരത്തിന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇംഗ്ലണ്ടിന്‍റെ ലോറ കെന്നിയാണ് മത്സരത്തിൽ ഒന്നാമതെത്തി സ്വർണം നേടിയത്. കഴിഞ്ഞദിവസം പുരുഷന്മാരുടെ സൈക്ലിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ബ്രിട്ടന്റെ താരം ജോ ട്രൂമാന് ട്രാക്കിൽ വീണ് ഗുരുതര പരിക്കേറ്റിരുന്നു. ആസ്ട്രേലിയൻ സൈക്ലിങ് താരം മാത്യു ഗ്ലേറ്റ്സുമായി കൂട്ടിയിടിച്ച് ട്രാക്കിൽ വീണാണ് ട്രൂമാന് പരിക്കേറ്റത്.