ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് രണ്ടാം ജയം
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. വെള്ളിയാഴ്ച നടന്ന പൂൾ എ മത്സരത്തിൽ ഇന്ത്യ 6-0ത്തിന് മലേഷ്യയെ തോൽപിച്ചു. പകുതി സമയത്ത് ജേതാക്കൾ അഞ്ചു ഗോളിന് മുന്നിലായിരുന്നു. സെമിയിലേക്കുള്ള പാതയിൽ ഇന്ത്യ ഞായറാഴ്ച കൊറിയയെ നേരിടും.
ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ ഏകപക്ഷീയമായ 13 ഗോളുകൾക്ക് തകർത്തുവിട്ട ഇന്ത്യക്കു വേണ്ടി ഏഴാം മിനിറ്റിൽ മോണിക്കയാണ് ഗോളടി തുടങ്ങിവെച്ചത്. പിന്നാലെ ഉപനായിക ദീപ് ഗ്രേസ് എക്ക, നവ്നീത് കൗർ, വൈഷ്ണവി ഫാൽക്കെ, ലാൽറെമിസിയാമി എന്നിവരും ഗോളിലേക്കെത്തി. സിംഗപ്പൂരിനെതിരായ മത്സരത്തിൽ അവസാനിപ്പിച്ചേടത്താണ് ഇന്ത്യ ഇന്നലെ തുടങ്ങിയത്.
എതിരാളികൾക്കു മേൽ സർവാധിപത്യം പുലർത്തിയ ലോകത്തിലെ ഏഴാം നമ്പറുകാരായ ഇന്ത്യ ആദ്യ 24 മിനിറ്റിനകം അഞ്ചു ഗോൾ കുറിച്ചു. രണ്ടാം പകുതിയിൽ മലേഷ്യ കൂടുതൽ പ്രതിരോധത്തിലൂന്നിയതോടെ കൂടുതൽ ഗോളിലേക്കുള്ള വഴിയടഞ്ഞു. ഇതിനിടെ നിരവധി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഒന്നും മുതലെടുക്കാനായില്ല. 50 ാം മിനിറ്റിൽ ലാൽറെമിസിയാമി ഫീൽഡ് ഗോളിലൂടെ എണ്ണം അരഡസൻ പൂർത്തിയാക്കി. ഇന്ന് പുരുഷ ഹോക്കിയിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.