അമേരിക്കയിലും വനിത, പുരുഷ താരങ്ങൾക്ക് തുല്യവേതനം
text_fieldsവാഷിങ്ടൺ: വനിത, പുരുഷ ഫുട്ബാൾ താരങ്ങൾക്ക് തുല്യവേതനം നൽകാൻ അമേരിക്കയും. ബ്രസീൽ, ഇംഗ്ലണ്ട് ഉൾപ്പെടെ ടീമുകൾ നടപ്പാക്കിയ നയം കൂടുതൽ പ്രത്യേകതകളോടെയാണ് യു.എസിൽ നിലവിൽവരുന്നത്. ഇതുപ്രകാരം പുരുഷ, വനിത ലോക കപ്പ് പ്രതിഫലവും പങ്കിടും. വനിത ലോക കപ്പിലെ പ്രതിഫലത്തുകയിൽനിന്ന് പുരുഷന്മാർക്കും തിരിച്ചും വിഹിതം ലഭിക്കുമെന്നർഥം.
യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷനൽ സോക്കർ ടീം പ്ലയേഴ്സ് അസോസിയേഷനും യുനൈറ്റഡ് സ്റ്റേറ്റ്സ് വിമൻ നാഷനൽ ടീം പ്ലയേഴ്സ് അസോസിയേഷനും യുനൈറ്റഡ് സ്റ്റേറ്റ്സ് സോക്കർ ഫെഡറേഷനുമായി ആറുവർഷത്തേക്കാണ് കൂട്ടായ വിലപേശൽ കരാർ (സി.ബി.എ) ഒപ്പുവെച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങളായി കോടതി കയറിക്കൊണ്ടിരിക്കുകയായിരുന്നു തുല്യവേതനാവശ്യം. താരങ്ങൾക്ക് വിരമിക്കൽ ആനുകൂല്യങ്ങളും ടിക്കറ്റ്, സംപ്രേഷണം, പരസ്യം ഉൾപ്പെടെയുള്ള വരുമാനങ്ങളുടെ വിഹിതവും ഒരുപോലെ ലഭിക്കും.