എൽദോസ് പോളിന്‍റെ സുവർണനേട്ടം: കായിക ഭൂപടത്തിൽ ഇടംപിടിച്ച് ആലങ്ങാട് കെ.ഇ.എം ഹൈസ്കൂൾ
text_fieldsപാലക്കാമറ്റത്ത് നാട്ടുകാർ എൽദോസ് പോളിെൻറ സുവർണ നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നു
ആലങ്ങാട്: കോമൺവെൽത്ത് ഗെയിംസിൽ എൽദോസ് പോളിെൻറ സുവർണനേട്ടത്തോടെ കായിക ഭൂപടത്തിലേക്ക് ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളും. അഞ്ചുമുതൽ ഒമ്പതാം ക്ലാസ് വരെ ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു എൽദോസ്. കായികാധ്യാപകൻ എം.പി. ബെന്നിയുടെ കീഴിൽ സ്കൂളിലെ സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. 2014ൽ ഹോസ്റ്റൽ നിർത്തിയതോടെ, 10ാം ക്ലാസിൽ പാമ്പാക്കുട എം.ടി.എം സ്കൂളിലേക്ക് മാറി.
കോലഞ്ചേരി സ്വദേശിയായ ബെന്നിയുടെ സമീപവാസിയാണ് എൽദോസ്. കുട്ടിയുടെ കായിക അഭിരുചിയെക്കുറിച്ച് മുത്തശ്ശി മറിയാമ്മ ബെന്നിയെ അറിയിച്ചതോടെയാണ്, കെ.ഇ.എം ഹൈസ്കൂളിൽ ചേരാൻ വഴിയൊരുങ്ങിയത്. മറ്റു കുട്ടികളോടൊപ്പം താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂൾ ഒരുക്കി. മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ പലരും ജില്ല-സംസ്ഥാന തലങ്ങളിൽ വിവിധ അത്ലറ്റിക് ഇനങ്ങളിൽ മെഡലുകൾ നേടി. പി.ടി.എ, പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഹോസ്റ്റലിനുവേണ്ട ചെലവുകൾ വഹിച്ചത്.
14 വയസ്സിൽ താഴെയുള്ള മത്സര ഇനങ്ങളിൽ ട്രിപ്പിൾ ജംപ് ഉൾപ്പെടാത്തതിനാൽ പോൾവാട്ടിലാണ് എൽദോസ് ആദ്യം മികവ് തെളിയിച്ചതെന്ന് ബെന്നി പറയുന്നു. സ്കൂൾ മീറ്റിൽ ജില്ലതലത്തിൽ പോൾവാട്ടിന് മെഡൽ ലഭിച്ചിട്ടുണ്ട്. ഓട്ടം, നടത്തം മത്സരങ്ങളും പ്രാക്ടീസ് ചെയ്തു. കായികക്ഷമത നിലനിർത്താൻ പരിശീലനത്തിൽ ഒട്ടും ഉപേക്ഷ കാട്ടിയില്ല. ഇതെല്ലാമാകാം, ഇന്ത്യയിൽ ഒരു ട്രിപ്പിൾ ജംപ് താരത്തിനും അവകാശപ്പെടാനില്ലാത്തെ നേട്ടത്തിലേക്ക് എൽദോസിനെ ഉയർത്തിയത്.
ഒരു കായികതാരത്തിെൻറ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് അതിനെ ഊട്ടിയുറപ്പിക്കേണ്ട പ്രായത്തിൽ ബെന്നി സാറിെൻറ പരിശീലനം എൽദോസ് പോളിന് വളക്കൂറായി. അടുത്തവർഷം വിരമിക്കാനിരിക്കെ ശിഷ്യെൻറ ഈ നേട്ടം ഇരട്ടിമധുരമാണ് ബെന്നിക്ക് സമ്മാനിച്ചത്.
'കായികാധ്യാപകൻ എന്ന നിലയിൽ ഇത്രയധികം ആത്മാഭിമാനം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. എൽദോസ് പോളിെൻറ വിജയനിമിഷത്തിൽ സന്തോഷംകൊണ്ട് കണ്ണീർ വന്നു. കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ നേട്ടത്തിലെത്തിച്ചത്. ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന അതിയായ ആഗ്രഹം ചെറുപ്പത്തിൽതന്നെ എൽദോസ് പോളിനുണ്ടായിരുന്നു.'
-എം.പി. ബെന്നി, കായികാധ്യാപകൻ, കെ.ഇ.എം ഹൈസ്കൂൾ