കായികതാരം ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമിച്ച് നൽകും. മന്ത്രി വി. ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് പ്രഖ്യാപനം നടത്തിയത്.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. 2017ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോഡാണ് ഈ പ്ലസ് ടു വിദ്യാർഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ മെഡൽ കരസ്ഥമാക്കി. ഒരു മാസം മുമ്പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും ശസ്ത്രക്രിയ മാറ്റിവെച്ച് കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്ത ദേവനന്ദ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.
ബാർബറായ പിതാവ് ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് വിജിതക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിനെ വീട് നിർമിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ദേവനന്ദക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

