നോർവേ ചെസ്: വിജയവഴിയിൽ തിരിച്ചെത്തി ഗുകേഷ്, കാൾസന് വീണ്ടും തോൽവി
text_fieldsഓസ്ലോ: നോർവേ ചെസിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ആവേശകരമായ ക്ലാസിക്കൽ പോരാട്ടത്തിൽ സഹതാരം ആർ. പ്രഗ്നാനന്ദയെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ കിരീടപ്രതീക്ഷകൾ നിലനിർത്താൻ ഗുകേഷിനായി. അതേസമയം, അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്‌ലി സോയോട് പരാജയപ്പെട്ട നിലവിലെ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അഞ്ച് റൗണ്ടുകൾ പിന്നിടുമ്പോൾ 10 പോയിന്റുമായി അലിറെസ ഫിറൂജയാണ് ഒന്നാം സ്ഥാനത്ത്. കാൾസനെതിരായ വിജയത്തോടെ വെസ്‌ലി സോ 8.5 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 6.5 പോയിന്റുള്ള ഗുകേഷ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള പ്രഗ്നാനന്ദ നാലാമതും അഞ്ച് പോയിന്റുള്ള ജർമ്മൻ ഗ്രാൻഡ്മാസ്റ്റർ വിൻസെന്റ് കെയ്‌മർ അഞ്ചാം സ്ഥാനത്തുമാണ്. 4.5 പോയിന്റ് മാത്രമുള്ള കാൾസന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ ദിവസങ്ങളിലെ നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷമുള്ള ഗുകേഷിന്റെ ഈ തിരിച്ചുവരവ് മത്സരവേദിയിലും ആവേശം നിറച്ചു. മത്സരശേഷം ആരാധകർ ഗുകേഷിനെ വളയുകയും ഓട്ടോഗ്രാഫിനും ചിത്രങ്ങൾക്കുമായി തിക്കിത്തിരക്കുകയും ചെയ്തു. ആറാം റൗണ്ടിൽ ഒരു ക്ലാസിക്കൽ വിജയം നേടുകയും അലിറെസ ഫിറൂജ പരാജയപ്പെടുകയും ചെയ്താൽ ഗുകേഷിന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനാവും.
റാഗോസിൻ ഡിഫൻസിൽ ആരംഭിച്ച പോരാട്ടത്തിൽ ഇരുവർക്കും വിജയസാധ്യതകളുണ്ടായിരുന്നു. എന്നാൽ നിർണായക ഘട്ടത്തിൽ സമചിത്തത കൈവിടാതെ കളിച്ചതാണ് ഗുകേഷിന് തുണയായത്. 40-ാം നീക്കത്തോടടുക്കുമ്പോൾ ഇരുവരും കടുത്ത സമയസമ്മർദ്ദത്തിലായി. ഇതിനിടെ പ്രജ്ഞാനന്ദയ്ക്ക് വലിയൊരു പിഴവ് സംഭവിക്കുകയും ഗുകേഷ് അത് മുതലെടുത്ത് ചെക്ക്മേറ്റിലൂടെ അനായാസം വിജയം സ്വന്തമാക്കുകയുമായിരുന്നു. കളിയിലുടനീളം ഗുകേഷ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
'വളരെ സങ്കീർണ്ണമായൊരു മത്സരമായിരുന്നു ഇത്. ഭാഗ്യവശാൽ ചില തന്ത്രങ്ങൾ എനിക്ക് അനുകൂലമായി മാറി,' വിജയത്തിന് ശേഷം ഗുകേഷ് പ്രതികരിച്ചു. 'തുടക്കം മുതൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എങ്കിലും വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപുള്ളതിനേക്കാൾ മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഫലങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എത്തിയിട്ടില്ല. എന്നാൽ മികച്ച രീതിയിൽ കളി തുടർന്നാൽ വിജയം താനേവരുമെന്ന് ഞാൻ വിശ്വസിക്കുന്നു,' ഗുകേഷ് പറഞ്ഞു.
'സന്തോഷവാനായിരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് തന്നെ നല്ലത് തോന്നും. ആത്മവിശ്വാസം വർദ്ധിക്കുകയും വേഗത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും ചെയ്യും. അതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും, വലിയ മാറ്റങ്ങളാണ് മത്സരത്തിൽ സൃഷ്ടിക്കുന്നത്,' ലോക ചാമ്പ്യൻ കൂട്ടിച്ചേർത്തു. കാൾസനെ അട്ടിമറിച്ചതിലൂടെ വെസ്‌ലി സോ ടൂർണമെന്റിൽ കിരീടസാധ്യതകൾ സജീവമാക്കി നിർത്തിയിരിക്കുകയാണ്. ഇനിയൊരു വിജയം കൂടിയുണ്ടായാൽ ഒന്നാം സ്ഥാനക്കാരനൊപ്പമെത്താൻ സോയ്ക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

