ഒളിമ്പിക് കമ്മിറ്റിയുടെ 9 കായിക ഇനങ്ങളിൽ ഇനി ക്രിക്കറ്റും...
text_fieldsലോകത്തിലെ ജനപ്രീതിയുള്ള രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാൽ ഇതുവരെ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കഠിന പ്രയത്നം തുടങ്ങിയിട്ട് നാളുകളായി . ഈ ശ്രമങ്ങൾക്ക് ഫലം കാണാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉണ്ടായേക്കും എന്നാണ് സൂചന. ലോസ് ഏഞ്ചൽസ് 2028 ഗെയിംസിലേക്ക് ചേർക്കാൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഒമ്പത് കായിക ഇനങ്ങളിൽ ഒന്നായി ക്രിക്കറ്റിനെ തെരഞ്ഞെടുത്തു.
ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, ബ്രേക്ക് ഡാൻസ്, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർസ്പോർട്ട് എന്നിവയുൾപ്പെടെ എട്ട് കായിക ഇനങ്ങൾക്കൊപ്പം ക്രിക്കറ്റും ഒരു സ്ഥാനത്തിനായി മത്സരിക്കും. 2024-ലെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടാനുള്ള സാധ്യതകൾ വർധിച്ചത്.
1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെട്ടിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഭാഗമാകാൻ രണ്ട് ടീമുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഫ്രഞ്ച് അത്‌ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു അന്ന് സ്വർണം നേടിയത്. അതിന് ശേഷം ഒളിമ്പിക്‌സിൽ ഇടം നേടാൻ ക്രിക്കറ്റിന് കഴിഞ്ഞിട്ടില്ല.