Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയുവരാജ്​ സിങ് @39​:...

യുവരാജ്​ സിങ് @39​: കളിയിലും ജീവിതത്തിലും പോരാളി, ഇന്ത്യൻ ക്രിക്കറ്റി​െൻറ ഒരേ ഒരു രാജകുമാരൻ

text_fields
bookmark_border
യുവരാജ്​ സിങ് @39​: കളിയിലും ജീവിതത്തിലും പോരാളി, ഇന്ത്യൻ ക്രിക്കറ്റി​െൻറ ഒരേ ഒരു രാജകുമാരൻ
cancel

18ാം വയസ്സിൽ നെയ്റോബിയിൽ മക്ഗ്രാത്തും, ഗില്ലസ്പിയും, ബ്രെറ്റ് ലീയുമുൾപ്പെട്ട ഓസീസ് പേസ് ബാറ്ററിയെ പിന്നീടങ്ങോട്ട് ട്രേഡ് മാർക്ക് ഷോട്ടുകളായി മാറിയ ഫ്ലിക്കുകളാലും, ലോഫ്റ്റുകളാലും ഡിഫ്യൂസ് ചെയ്ത ഡെബ്യൂ ഇന്നിംഗ്സ്... അതേ മത്സരത്തിൽ ഇയാൻ ഹാർവിയെ വായുവിൽ നീന്തിയെടുത്ത ആക്രോബാറ്റിക് ഇൻസാനിറ്റിയും, മൈക്കൽ ബെവനെ റൺ ഔട്ടാക്കിയ സ്റ്റണ്ണിംഗ് റിഫ്ലക്സും...

ആധുനിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവുമാഘോഷിക്കപ്പെട്ട മത്സരത്തിൽ മുഹമ്മദ് കൈഫിനൊപ്പം ചേർന്ന്, തോറ്റ ടീമിനെ ജയത്തിലെത്തിച്ച കാൽപനികമായ ആ നാറ്റ് വെസ്റ്റ് ഫൈനൽ ഇന്നിംഗ്സ്.. 2004ൽ സിഡ്നിയിൽ ഓസീസിനെ തച്ചുടച്ച 139..ഉമർ ഗുല്ലി​െൻറ സ്വിങ്ങിനു മുമ്പിൽ പിടഞ്ഞു വീണ ടോപ് ഓർഡറിനുശേഷം തീയെ തീ കൊണ്ടണച്ച 2004 ലാഹോർ ടെസ്റ്റിലെ 87 സ്ട്രൈക്ക് റേറ്റിൽ നേടിയ സെഞ്ച്വറി.. 2007 ട്വൻറി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയും, ഓസ്ട്രേലിയക്കെതിരെയും നടത്തിയ ബ്ലിറ്റ്സ് ക്രീഗുകൾ..


2011 ൽ പന്തു കൊണ്ടും, ബാറ്റു കൊണ്ടും, പിന്നെ ഒടുങ്ങാത്ത രണവീര്യം കൊണ്ടും ഒരു ടീമിനെ മുഴുവൻ ഉത്തേജിപ്പിച്ച, അയാളെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരിക്കലും മറക്കാനാവാത്ത അടയാളമായി രേഖപ്പെടുത്തിയ ലോകകപ്പ്.

കളിക്കളത്തിലെ റൊമാൻറിസത്തിന് ഇന്ത്യൻ ക്രിക്കറ്റിൽ യുവരാജ് സിങ്ങെന്നല്ലാതെ മറ്റൊരു പേരില്ലെന്നതാണ് വാസ്തവം.തളർന്നു പോകുന്നിടത്ത് തിരിച്ചു കേറാൻ അയാളുടെ കഥയോളം പ്രചോദനമേകുന്ന മറ്റൊരു സ്പോർട്സ് സ്റ്റോറിയുമില്ല. ഹാപ്പി ബർത്ത് ഡേ ഹീറോ.

കിങ്സ് മീഡ്,ഡർബൻ, 2007 സെപ്തംബർ 9

സ്റ്റ്യുവർട്ട് ബ്രോഡിന്റെ ആ 19ാം ഓവറി​െൻറ അവസാനപന്ത്. ആദ്യ അഞ്ചു പന്തുകളും ഗ്യാലറിയിലെത്തിക്കഴിഞ്ഞിരിക്കുന്നു; ഷോർട്ട് പിച്ചെന്നോ, ഫുൾലെംഗ്തെന്നോ, ഫുൾടോസെന്നോ വ്യത്യാസമില്ലാതെ.. ബ്രോഡിന്റെ കൗമാരം വിട്ടൊഴിഞ്ഞിട്ടില്ലാത്ത മുഖത്ത് നിസ്സഹായത മാത്രം. കോളിംഗ്​വുഡ്​ ഫീൽഡ് ക്രമീകരിക്കുന്നു. കമൻററി ബോക്സിൽ രവിശാസ്ത്രി ചോദിക്കുന്ന ചോദ്യം കാണികളിലോരോരുത്തരും ചോദിച്ചിരിക്കണം."അയാൾക്കതിനു കഴിയുമോ?". ബ്രോഡി​െൻറ രക്തശൂന്യമായ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു അടുത്ത പന്തിന്റെ വിധി.അതെങ്ങനെ ചെയ്താലും ബൗണ്ടറി ലൈനിന് മുകളിലൂടെ പറക്കും എന്ന മുൻധാരണയോടെ അയാൾ റണ്ണപ്പ് തുടങ്ങുന്നു.

ടി.വി ക്യാമറ 22 യാർഡിന്റെ വട്ടത്തിലേക്ക് ചുരുങ്ങുന്നു. ലെഗ്സ്റ്റമ്പിനും മിഡിൽ സ്റ്റമ്പിനുമിടയിൽ ബാക്ക് ഓഫ് ലെംഗ്തിൽ പതിച്ച പന്തിനെ യുവരാജ് ഒരൽപ്പം പുറകിലേക്കു ചരിഞ്ഞ് മിഡ് ഓണിന് മുകളിലൂടെ ഉയർത്തിയടിക്കുന്നു. ബാറ്റിലാ പന്ത് തൊട്ട നിമിഷം മുതൽ അതിന്റെ ട്രാജക്ടറി വ്യക്തമായിരുന്നു. മൈക്കിനു മുന്നിൽ രവിശാസ്ത്രി അലറുന്നു "കിംഗ്സ്മീഡ് അറ്റ് ഹിസ് ഫീറ്റ്". യുവി ചിരിച്ചു കൊണ്ട് ധോണിയുടെ ഗ്ലൗവിൽ ആഞ്ഞു തട്ടുന്നു. സ്റ്റേഡിയം ഇരമ്പുന്നു. തൊട്ടുമുമ്പത്തെ ഓവറിൽ യുവിയുമായി വാക് തർക്കത്തിലേർപെട്ട ഫ്ലി​േൻറാഫിലേക്ക് ക്യാമറ നീങ്ങുന്നു.


വൈകാരികത മുഖമുദ്രയായിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റി​െൻറ അതിവൈകാരികമായ അടയാളമാണ് യുവരാജ്​. ദാദാ ആർമിയിൽ മാമോദീസ മുക്കപ്പെട്ട അയാളിൽനിന്ന് അല്ലെങ്കിലും സചി​െൻറയോ, ദ്രാവിഡിന്റെയോ ഋഷിതുല്യമായ നൈർമല്യം പ്രതീക്ഷിക്കുന്നതിൽ അർഥമില്ലല്ലോ. തൊട്ടടുത്ത വർഷം ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ അവസാന ദിനം അസാധ്യമെന്നു തോന്നിച്ച ലക്ഷ്യം സചിനൊപ്പം നിന്ന് എത്തിപ്പിടിച്ച ശേഷം സചിനെ പൊക്കിയെടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന അയാളെ കണ്ടു. കുട്ടിക്കാലത്ത് എത്രയോ തവണ താൻ കണ്ട സ്വപ്നമായിരുന്നു ആ മനുഷ്യനൊത്ത് വെള്ള ജഴ്സിയിൽ ഒരു കളി ജയിപ്പിക്കുന്നതെന്ന് അന്നയാൾ പറയുന്നതു കേട്ടു. ഒരു സാധാരണ ഫാൻ ബോയുടെ ആവേശത്തി​െൻറ അണപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്? സ്വപ്നസാക്ഷാത്കാരത്തി​െൻറ തിളക്കമുണ്ടായിരുന്നു ആ കണ്ണുകളിൽ. കുറച്ചു കാലം കഴിഞ്ഞ് ഒരു പ്രദർശന തുടക്കത്തിൽ ബാറ്റ് ചെയ്യാനിറങ്ങവേ സച്ചി​െൻറ കാൽ തൊട്ടു വന്ദിക്കുന്ന യുവരാജിനെ ഞാനോർക്കുന്നുണ്ട്. 2011 ലെ ഏകദിന ലോകകപ്പിൽ സചി​െൻറ ഏറ്റവും വലിയ ആഗ്രഹം പൂവണിയുമ്പോൾ ബാറ്റു കൊണ്ടും പന്തു കൊണ്ടും അതിനേറ്റവും കരുത്തേകിയവൻ ഫൈനലിനു ശേഷം മടങ്ങിയത് രോഗശയ്യയിലേക്കാണ്.


ക്രിക്കറ്റിനെ വൈകാരികമായി സമീപിച്ച അയാൾ പക്ഷേ രോഗത്തെ ശാന്തമായാണ് നേരിട്ടത്. രാജ്യം കിരീട നേട്ടത്തെ ആഘോഷിക്കുമ്പോൾ അതിന്റെ ശിൽപ്പി ഫോർത്ത് സ്റ്റേജ് ജെം സെൽ സെമിനോമയുമായുള്ള യുദ്ധത്തി​െൻറ തുടക്കത്തിലായിരുന്നു. കരിയറിലെന്ന പോലെ ജീവിതത്തിലും പോരാളിയായ അയാൾ സെമിനോമയുടെ ബൗൺസറുകളെ അനായാസം നേരിട്ടു. സാക്ഷാൽ ടെണ്ടുൽക്കർ കാണാനെത്തിയപ്പോൾ മാത്രമാണയാൾ ഒരിത്തിരിയെങ്കിലും പതറിയത്. തിരിച്ച് ടീമിലെത്തിയ യുവിക്ക്​ ഇടയ്ക്കു ചില മിന്നിത്തിളക്കങ്ങളൊഴിച്ചാൽ പിന്നീടൊരിക്കലും ആ നിലവാരത്തിലെത്താനായിട്ടില്ലെന്നത് സത്യമാണ്.

വീരൻമാരും, വീരകഥകളുമൊരുപാടുള്ള ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും റൊമാൻറാക്കായിട്ടുള്ള നായകസങ്കൽപ്പമാണ് യുവരാജി​േൻറത്. രണ്ട് ലോകകപ്പുകളിൽ ടീമിന്റെ വിജയത്തിൽ മുഖ്യപങ്കു വഹിച്ച, അതിലൊരെണ്ണത്തിൽ അക്ഷരാർത്ഥത്തിൽ ചോര തുപ്പിയിട്ടും കീഴടങ്ങാതിരുന്ന, ഓരോ വീഴ്ച്ചയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ, മണിക്കൂറിൽ 150 ലേറെ കിലോമീറ്റർ വേഗതയിൽ വരുന്ന പന്തുകളെ നയനമനോഹരമായ ഫ്ളിക്കുകളാൽ ബാക്ക് വേഡ് സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ അനായാസം പായിക്കുന്ന, പോയൻറിൽ റിഫ്ളക്സ് ക്യാച്ചുകളുടെ ടെക്സ്റ്റ് ബുക്കിലില്ലാത്ത എക്സിബിഷൻ കാണിക്കുന്ന സുന്ദരമായ കാൽപ്പനിക നായകസങ്കൽപ്പം. കളിക്കളത്തിലെ ആ മനുഷ്യ​െൻറ ഷോട്ടുകൾക്ക് ചാരുതയും, നീക്കങ്ങൾക്ക് വേഗതയും നഷ്ടപെട്ടിട്ടുണ്ടാകാം.ഓർമയുടെ 22 യാർഡിൽ അയാൾ ഒരുക്കിയ മായികാനുഭവങ്ങൾക്ക് ഒട്ടുംമങ്ങലില്ല. രാജാക്കൻമാരൊരുപാടുള്ള ഇന്ത്യൻ ക്രിക്കറ്റിന് ഒരൊറ്റ രാജകുമാരനേയുള്ളൂ.അത് യുവരാജ് സിംഗ് തന്നെയാണ്. ജന്മദിനാശംസകൾ യുവീ..നിങ്ങളോളം പോരാട്ടവീര്യമുള്ളവരെ ഞാനീ ഗെയിമിൽ അധികം കണ്ടിട്ടില്ല.. അന്നും, ഇന്നും, എന്നും നിങ്ങൾ ഒരു പ്രചോദനാനുഭവമാണ്.
Show Full Article
TAGS:Yuvraj Singh BCCI 
News Summary - Yuvraj Singh Birthday special
Next Story