'കാലിന് പരിക്കേറ്റ ബാഹുബലി'യായി യുവി-കാണാം, ആ വരവേൽപ്
text_fieldsറായ്പുർ: ഞായറാഴ്ച നടന്ന റോഡ് സേഫ്റ്റി ലോക സിരീസ് ട്വന്റി20 ടൂർണമെന്റ് ഫൈനലിലെ താരമായിരുന്നു യുവ്രാജ് സിങ്. ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ ലെജൻഡ്സിന് വേണ്ടി 41 പന്തിൽ 4 വീതം ഫോറും സിക്സുമടിച്ച് 60 റൺസാണ് യുവി നേടിയത്.
കിരീടനേട്ടത്തിനു ശേഷം തിരിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഹോട്ടലിൽ വമ്പൻ വരവേൽപ്പാണ് ജീവനക്കാർ നൽകിയത്. വാളുകൾക്കു പകരം നീണ്ട ഹാൻഡിലുള്ള പാൻ ഉയർത്തിപ്പിടിച്ചാണ് ഹോട്ടൽ ജീവനക്കാർ ഇന്ത്യൻ താരങ്ങൾക്ക് 'ഗാർഡ് ഓഫ് ഓണർ' നൽകിയത്. സൂപ്പർഹിറ്റ് ചിത്രം 'ബാഹുബലി'യിലെ ഗാനം പശ്ചാത്തലമായി നൽകി ഇതിന്റെ വിഡിയോ യുവ്രാജ് സിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
'തകർന്ന ബാഹുബലി' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. മത്സരത്തിനിടെ തന്റെ കാലിനു പരിക്കേറ്റതിനെ സൂചിപ്പിച്ചായിരുന്നു ഈ അടിക്കുറിപ്പ്. പരിക്കേറ്റ കാലിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നതും വിഡിയോയിൽ കാണാം.

