ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ പരിക്ക്; ഇറാനി കപ്പിൽ കളിക്കില്ല
text_fieldsമുംബൈ: യുവ ക്രിക്കറ്റർ മുഷീർ ഖാന് വാഹനാപകടത്തിൽ പരിക്ക്. കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്. പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ലഖ്നൗവിൽ നടക്കുന്ന ഇറാനി കപ്പ് കളിക്കാനായായിരുന്നു അദ്ദേഹം യാത്ര ചെയ്തത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും നാല് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ. മുഷീറിന്റെ പിതാവിനും കൂടെ യാത്ര ചെയ്ത രണ്ട് പേർക്കും നിസാര പരിക്കുകളാണുള്ളത്. അപകടത്തിനു പിന്നാലെ ബോധം നഷ്ടപ്പെട്ട മുഷീറിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചിരുന്നു.
16 ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്ന് പ്രാഥമി പരിശോധനക്കു ശേഷം ഡോക്ടർമാർ പറഞ്ഞു. കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ ഖാൻ.

