യു-ടേൺ അടിച്ച് ജയ്സ്വാൾ! സൂപ്പർതാരം ഗോവയിലേക്ക് പോകുന്നില്ല, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയിൽ തുടരും...
text_fieldsമുംബൈ: ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി കളി തുടരും! മുംബൈ വിട്ട് ഗോവൻ ടീമിലേക്ക് ചേക്കാറാനുള്ള നീക്കം താരം ഉപേക്ഷിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) എൻ.ഒ.സി ആവശ്യപ്പെട്ട് നൽകിയ കത്ത് പിൻവലിക്കാനുള്ള താരത്തിന്‍റെ അപേക്ഷ അസോസിയേഷൻ സ്വീകരിച്ചു. ഇക്കാര്യം എം.സി.എ അധ്യക്ഷൻ അജിങ്ക്യ നായിക് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭകളിൽ ഒരാൾ മുംബൈയിൽ തന്നെ തുടരുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ‘യശസ്വി മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമാണ്. എൻ.ഒ.സി പിൻവലിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ഞങ്ങൾ സ്വീകരിച്ചു, വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ താരം മുംബൈക്കുവേണ്ടി കളിക്കും’ -അജിങ്ക്യ നായിക് പ്രതികരിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ജയ്സ്വാൾ മുംബൈ വിട്ട് ഗോവൻ ടീമിലേക്ക് മാറാനുള്ള വാർത്ത പുറത്തുവരുന്നത്. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കുവേണ്ടി കളിക്കുന്ന ഇന്ത്യൻ ഓപ്പണറുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ജയ്സ്വാൾ മുംബൈ വിടുകയാണെന്ന് മാത്രമാണ് അന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചത്. താരവും വാർത്ത സ്ഥിരീകരിച്ചു.
‘എനിക്കിത് ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ഇന്ന് ഞാൻ എന്താണോ അതിന് കാരണം മുംബൈയാണ്. എന്നെ ഞാനാക്കിയത് ഈ നഗരമാണ്, എന്റെ ജീവിതകാലം മുഴുവൻ എം.സി.എയോട് കടപ്പെട്ടിരിക്കും’ -ജയ്‌സ്വാൾ പറഞ്ഞു. ജയ്സ്വാളിന്‍റെ ടീം മാറ്റത്തിനു പിന്നിൽ മുംബൈ മാനേജ്മെന്‍റുമായുള്ള ഭിന്നതയാണെന്ന തരത്തിൽ അഭ്യൂഹങ്ങളും വന്നു.
രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ രണ്ടാം ഇന്നിങ്സിനിടെ ടീമിലെ മുതിർന്ന താരവുമായി തർക്കമുണ്ടായിരുന്നു. ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെ മുതിർന്ന താരം ചോദ്യം ചെയ്തതോടെയാണ് അസ്വാരസ്യങ്ങൾ തുടങ്ങുന്നത്. ഇതിനു മറുപടിയായി ഒന്നാം ഇന്നിങ്സിൽ മുതിർന്ന താരം കളിച്ച ഷോട്ടിനെയും ജയ്സ്വാൾ ചോദ്യം ചെയ്തിരുന്നു. അവസരങ്ങൾ കുറഞ്ഞതോടെ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുനും സിദ്ദേശ് ലാഡും മുംബൈ വിട്ട് ഗോവ ടീമിലേക്ക് മാറിയിരുന്നു.
അണ്ടർ -19 മുതൽ മുംബൈ ടീമിനുവേണ്ടി കളിക്കുന്ന ജയ്സ്വാൾ, വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 3712 റൺസാണ് താരം നേടിയത്. 60.85 ആണ് ശരാശരി. 13 സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും നേടി. 265 റൺസാണ് ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

