Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ ഇന്ത്യൻ താരം! ടെസ്റ്റിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യശസ്വി ജയ്സ്വാൾ

text_fields
bookmark_border
ആദ്യ ഇന്ത്യൻ താരം! ടെസ്റ്റിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യശസ്വി ജയ്സ്വാൾ
cancel

ചെന്നൈ: ടെസ്റ്റ് കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഒട്ടനവധി റെക്കോഡുകൾ സ്വന്തം പേരിലാക്കിയ യുവ താരമാണ് ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാൾ.

ചെന്നൈയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാ ബൗളിങ്ങിനു മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ പത്തി മടക്കിയപ്പോൾ ഒരറ്റത്ത് വിരോചിതം ചെറുത്തുനിന്ന് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നത് ജയ്സ്വാളിന്‍റെ അർധ സെഞ്ച്വറി പ്രകടനമായിരുന്നു. 56 റൺസെടുത്താണ് താരം പുറത്തായത്. രണ്ടാം ഇന്നിങ്സിൽ പത്ത് റൺസെടുത്ത് പുറത്തായെങ്കിലും ടെസ്റ്റിൽ പുതിയൊരു റെക്കോഡ് സ്വന്തമാക്കാൻ താരത്തിനായി. ടെസ്റ്റ് കരിയറിലെ ആദ്യത്തെ പത്ത് ഇന്നിങ്സുകളിൽ ഒരു ഇന്ത്യൻ താരം 1000 റൺസിലധികം നേടുന്നത് ആദ്യമാണ്. 10 ഇന്നിങ്സുകളിൽനിന്ന് ഇതുവരെ താരം 1094 റൺസാണ് നേടിയത്. 978 റൺസുമായി മുൻതാരം സുനിൽ ഗവാസ്കറാണ് തൊട്ടുപിന്നിലുള്ളത്.

ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനാണ് ആദ്യത്തെ പത്ത് ടെസ്റ്റ് ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 1446 റൺസ്. വെസ്റ്റിൻഡീസ് താരങ്ങളായിരുന്ന എവർട്ടൺ വീക്സ് (1125 റൺസ്), ജോർജ് ഹെഡ്ലി (1102 റൺസ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജയ്സ്വാളാണ് നാലാമത്. നിലവിൽ സജീവ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ഒന്നാമനാണ്. ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 81 റൺസെന്ന നിലയിലാണ്. ഇന്ത്യക്ക് 308 റൺസിന്‍റെ ലീഡുണ്ട്.

നാലു വിക്കറ്റ് നേടിയ ബുംറയാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 32 റൺസ് നേടിയ ഷാക്കിബുൽ ഹസനാണ് സന്ദർശകരുടെ ടോപ് സ്കോറർ. നജ്മുൽ ഹൊസൈൻ ഷാന്‍റോ (20), ലിട്ടൺ ദാസ് (22), മെഹ്ദി ഹസൻ (27), ടസ്കിൻ അഹ്മദ് (11), നഹീദ് റാണ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം ആറിന് 339 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ ജദേജയുടെയും സെഞ്ചറി നേടിയ ആർ. അശ്വിന്‍റെയും വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായി.

ജദേജ 86 റൺസും അശ്വിൻ 113 റൺസുമാണ് നേടിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 199 റൺസിന്‍റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. ആകാശ് ദീപ് 17 റൺസ് നേടി. ഏഴ് റൺസ് നേടിയ ബുംറ കൂടി വീണതോടെ ഒന്നാം ഇന്നിങ്സ് 376ൽ അവസാനിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yashasvi Jaiswal Achieves Another Sensational Feat In Tests
Next Story