ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ജയ്സ്വാൾ; കരിയറിലെ മികച്ച റാങ്ക്
text_fieldsഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നുംഫോമിലുള്ള ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബുധനാഴ്ച പുറത്തുവിട്ട ടെസ്റ്റ് ബാറ്റർമാരുടെ പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജയ്സ്വാൾ പത്തിലെത്തി.
താരം ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ആദ്യ പത്തിലെത്തുന്നത്. 727 റേറ്റിങ് പോയന്‍റാണുള്ളത്. സൂപ്പർതാരം വിരാട് കോഹ്ലിയും ആദ്യ പത്തിലുണ്ട്. 744 റേറ്റിങ് പോയന്‍റുമായി എട്ടാം സ്ഥാനത്താണ് കോഹ്ലി. ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടമുണ്ടാക്കി. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഹിറ്റ്മാൻ 11ലെത്തി. ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ താരം ഋഷഭ് പന്താണ്. 14ാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായി ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാൾ ഒരുപിടി റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്. പരമ്പരയിലെ ടോപ് സ്കോറർ കൂടിയാണ്. നാല് മത്സരങ്ങളിൽനിന്ന് 655 റൺസാണ് താരം നേടിയത്. 23 സിക്സുകളാണ് ഇതിനകം അടിച്ചെടുത്തത്. ഒരു ടെസ്റ്റ് പരമ്പരയിൽ 20ലധികം സിക്സുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ (12 സിക്സുകൾ) പാക് മുൻ താരം വാസിം അക്രമിന്‍റെ റെക്കോഡിനൊപ്പം എത്താനുമായി.
ഒരു ടെസ്റ്റ് പരമ്പരയിൽ 600ലധികം റൺസ് നേടുന്ന ഒരേയൊരു ഇടങ്കൈ ബാറ്ററാണ് ജയ്സ്വാൾ. സുനിൽ ഗവാസ്കർ, ദിലീപ് സർദേശായി, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവർക്കു പിന്നാലെ ടെസ്റ്റ് പരമ്പരയിൽ 600 റൺസിലധികം നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാണ് ഈ 22കാരൻ. അഞ്ചാം ടെസ്റ്റിൽ 119 റൺസ് കൂടി നേടിയാൽ ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും ഉയർന്ന റൺസായ സുനിൽ ഗവാസ്കറിന്‍റെ (774) റെക്കോഡ് ജയ്സ്വാളിന് മറികടക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

