വനിത പ്രീമിയർ ലീഗ് ലേലം: ദീപ്തി ശർമ (3.2 കോടി) വിലയേറിയ താരം, ആശ ശോഭന 1.10 കോടിക്ക് യു.പി വാരിയേഴ്സിൽ
text_fieldsആശ ശോഭന, സജന സജീവൻ
ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ മിന്നി മലയാളി ലെഗ് സ്പിന്നർ ആശ ശോഭന. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന ആശയെ 1.10 കോടി രൂപക്ക് യു.പി വാരിയേഴ്സാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു തിരുവനന്തപുരം സ്വദേശിനിയുടെ അടിസ്ഥാനവില. അതേസമയം, വയനാട്ടുകാരി ഓൾ റൗണ്ടർ സജന സജീവനെ 75 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് വീണ്ടും ടീമിലെത്തിച്ചപ്പോൾ മറ്റൊരു മലയാളി താരം മിന്നു മണിയെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.
മെഗാ ലേലം പുരോഗമിക്കവെ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ഏകദിന ലോകകപ്പ് കിരീട നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമക്കാണ്. 3.2 കോടി രൂപക്കാണ് ദീപ്തി യു.പി വാരിയേഴ്സിലെത്തിയത്. ന്യൂസിലൻഡ് ബാറ്റർ അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ടീമിലെടുത്തു. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ (മുംബൈ), ഉപനായിക സ്മൃതി മന്ദാന, റിച്ച ഘോഷ് (ആർ.സി.ബി), ബാറ്റർമാരായ ജെമീമ റോഡ്രിഗസ്, ഷഫാലി വർമ (ഡൽഹി കാപിറ്റൽസ്) തുടങ്ങിയവരെ ലേലത്തിന് വിടാതെ അതത് ടീമുകൾ നേരത്തേ നിലനിർത്തിയിരുന്നു.
മത്സരങ്ങൾ ജനു. ഒമ്പത് മുതൽ
ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ നാലാം പതിപ്പ് ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി അഞ്ചുവരെ നവി മുംബൈയിലും ഗുജറാത്തിലെ വഡോദരയിലുമായി നടക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സാധാരണ ലീഗ് സംഘടിപ്പിക്കാറെങ്കിലും ഇതേസമയത്ത് പുരുഷ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ അരങ്ങേറുന്ന സാഹചര്യത്തിലാണ് നേരത്തേയാക്കിയത്. ഫെബ്രുവരി അഞ്ചിന് വഡോദരയിലാണ് ഫൈനൽ. കഴിഞ്ഞ തവണ കലാശക്കളിയിൽ ഡൽഹി കാപിറ്റൽസിനെ തോൽപിച്ച് മുംബൈ ഇന്ത്യൻസ് ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

