ഡബ്ല്യു.പി.എൽ: ലാസ്റ്റ് ബാൾ ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസിന് രണ്ട് വിക്കറ്റ് ജയം
text_fieldsവഡോദര: വനിതാ പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശ വിജയം. അവസാന പന്തുവരെ സസ്പെൻസ് നിറഞ്ഞുനിന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ക്യാപിറ്റൽസ് ജയം പിടിച്ചത്. ടോസ് നേടി ബാളിങ് തെരഞ്ഞെടുത്ത ഡൽഹി, മുംബൈ ടീമിനെ 164ന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ മലയാളിതാരം സജന സജീവൻ എറിഞ്ഞ അവസാന ഓവറിൽ റണ്ണൗട്ടിനെയും അതിജീവിച്ചാണ് ഡൽഹി ജയിച്ചുകയറിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് -19.1 ഓവറിൽ 164, ഡൽഹി ക്യാപിറ്റൽസ് -20 ഓവറിൽ എട്ടിന് 165.
59 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന നാറ്റ്സിവർ ബ്രണ്ട്, വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (22 പന്തിൽ 42) എന്നിവരുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്. മുംബൈ നിരയിൽ ഇവരെ കൂടാതെ യാസ്തിക ഭാട്യ (11) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ. അവശേഷിച്ചവരെല്ലാം ചെറിയ സ്കോറിൽ പുറത്തായതോടെ മുംബൈ ഇന്നിങ്സ് 19.1 ഓവറിൽ 164ന് ഓൾ ഔട്ടായി. ഡൽഹിക്കായി അനബെൽ സതർലാൻഡ് മൂന്നും ശിഖ പാണ്ഡെ രണ്ടും വിക്കറ്റുകൾ നേടി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചാണ് മുംബൈ തുടങ്ങിയത്. 18 പന്തിൽ 43 റൺസടിച്ച ഓപണർ ഷഫാലി വർമയാണ് അവരുടെ ടോപ് സ്കോറർ. മധ്യനിരയിൽ നിക്കി പ്രസാദ് (33 പന്തിൽ 35) ഒഴികെയുള്ളവർക്ക് നിലയുറപ്പിക്കാനാകാതെ വന്നതോടെ ഒരുഘട്ടത്തിൽ ക്യാപിറ്റൽസ് തോൽവി മണത്തു. അവസാന ഓവറിലെ അഞ്ചാം പന്തിൽ നിക്കി പുറത്താകുമ്പോൾ, രണ്ട് റൺസ് അകലെയായിരുന്നു ഡൽഹി ടീമിന്‍റെ വിജയം. 11-ാം നമ്പരിലെത്തിയ അരുദ്ധതി റെഡ്ഡി വിജയറൺ ഓടിയെടുക്കുന്നതിടെ മുംബൈ റണ്ണൗട്ടിന് ശ്രമിച്ചെങ്കിലും, ജയം തടയാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

