കപ്പിൽ തീപടരുന്നു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഇന്നുമുതൽ
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയും ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും
ലണ്ടൻ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും അന്താരാഷ്ട്ര ട്രോഫികൾ നേടിയ ആസ്ട്രേലിയ, പേരിനൊരു ലോക കിരീടം പോലും സ്വന്തമായില്ലാത്ത ദക്ഷിണാഫ്രിക്ക...ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 2023-25ന്റെ ഫൈനലിന് ബുധനാഴ്ച ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സിൽ തുടക്കമാവുമ്പോൾ കായികപ്രേമികൾ ആവേശത്തിലാണ്. ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിലെ ഒന്നാമന്മാരും തമ്മിലാണ് പോരാട്ടമെന്നത് വീറുംവാശിയും കൂട്ടുന്നു. ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ രണ്ടാമന്മാരായാണ് ഓസീസ് ഫൈനലിന് യോഗ്യത നേടിയതെങ്കിൽ ഒന്നാമതെത്തി ആധികാരികമായിത്തന്നെ കടന്നവരാണ് പ്രോട്ടീസ്.
തുടരുമോ അതിശയം?
2025 കായിക ലോകത്തിന് അതിശയങ്ങളുടെ വർഷമാണ്. നൂറ്റാണ്ടിന് മീതെ കാലം കിരീടം സ്വപ്നം കണ്ടിരുന്നവർവരെ ചാമ്പ്യന്മാരായ വർഷം. അപ്പോഴും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊരു ലോകകപ്പെന്ന മോഹം ബാക്കികിടക്കുകയാണ്. 1998ൽ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായതാണ് ഇവരുടെ ഏക ഐ.സി.സി കിരീടം. അതിനപ്പുറം ഏകദിന, ട്വന്റി20 ലോകകപ്പുകളിലൊന്നും ചാമ്പ്യന്മാരാവാൻ പ്രോട്ടീസിന് കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പിൽ ഇതുവരെ ഫൈനലിൽപോലുമെത്തിയിട്ടില്ല. കന്നി ട്വന്റി20 ലോകകപ്പ് ഫൈനൽ പ്രവേശനം 2024ൽ സംഭവിച്ചെങ്കിലും ഇന്ത്യയോട് തോറ്റ് റണ്ണറപ്പായി.
ക്യാപ്റ്റൻ ടെംബ ബാവുമ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനിൽ പ്രതിഭകളുടെ നിര തന്നെയുണ്ട്. വിക്കറ്റ് വേട്ടക്കാരൻ പേസർ കാഗിസോ റബാദക്ക് കൂട്ടായി ഇടംകൈയൻ മാർകോ ജാൻസനും മൂന്നാം സീമറായി ലുൻഗി എൻഗിഡിയുമാണുള്ളത്. ബാറ്റിങ്ങിലും കഴിവ് തെളിയിച്ചയാളാണ് ജാൻസൻ. കേശവ് മഹാരാജാണ് പ്രധാന സ്പിൻ ആയുധം. എയ്ഡൻ മാർകറമും റയാൻ റിക്കിൾട്ടണും ഇന്നിങ്സ് ഓപൺ ചെയ്യും. ബാവുമ നാലാമനായി ഇറങ്ങും. മധ്യനിരയിൽ ഡേവിഡ് ബെഡിങ്ഹാം ഫോമിലാണ്. കെയ്ൽ വെറിൻ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.
ഓസീസ് സെറ്റാണ്
ഐ.സി.സി ഫൈനലുകളിൽ ആസ്ട്രേലിയയെ തോൽപിക്കൽ കടുപ്പമായിരിക്കുമെന്നതാണ് ചരിത്രം. ഏകദിന, ട്വന്റി20 ലോകകപ്പുകളിലും ചാമ്പ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുമായി കംഗാരുപ്പട 14 തവണ കലാശക്കളിക്കിറങ്ങിയപ്പോൾ 10ലും കപ്പുമായാണ് മടങ്ങിയത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യക്കെതിരെ 209 റൺസ് ജയവുമായി കിരീടം സ്വന്തമാക്കിയ ആസ്ട്രേലിയൻ സംഘത്തിന് നിലവിലെ ചാമ്പ്യന്മാരെന്ന പൊലിമ കൂടിയുണ്ട്. പ്ലേയിങ് ഇലവനെ ഇന്നലെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
2023ലെ ഫൈനൽ കളിച്ച 11ൽ 10 പേരും അടങ്ങിയതാണ് സ്ക്വാഡ്. വിരമിച്ച ഡേവിഡ് വാർണറാണ് 11ാമൻ. ഓൾ റൗണ്ടർ ബ്യൂ വെബ്സ്റ്ററൊഴിച്ചുള്ളവരെല്ലാം പരിചയ സമ്പന്നർ. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡ് പൂർണാരോഗ്യം വീണ്ടെടുത്തതിനാൽ കളിക്കും. ഉസ്മാൻ ഖാജക്കൊപ്പം മാർനസ് ലബൂഷേൻ ഇന്നിങ്സ് ഓപൺ ചെയ്യും. കമ്മിൻസിനും ഹേസൽവുഡിനും പുറമെ പേസ് ബൗളിങ് ഡിപ്പാർട്ട്മെന്റിൽ കരുത്തനായ മിച്ചൽ സ്റ്റാർക്കുണ്ട്. സ്പിൻ ബൗളിങ്ങിൽ തുറുപ്പ് ശീട്ടായി നതാൻ ലിയോണും. ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പർ അലക്സ് കാരി തുടങ്ങിയവരുമുൾപ്പെടുന്നതാണ് ബാറ്റിങ് നിര.
ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരിശീലനത്തിനെത്തുന്നു
ആസ്ട്രേലിയൻ ടീം പരിശീലനത്തിൽ
ആസ്ട്രേലിയ ഇലവൻ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഉസ്മാൻ ഖാജ, മാർനസ് ലാബുഷേൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, നതാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
ദക്ഷിണാഫ്രിക്ക ഇലവൻ: ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മർകറം, റയാൻ റിക്കിൾടൺ, വിയാൻ മൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഹാം, കെയ്ൽ വെറിൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാദ, ലുൻഗി എൻഗിഡി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.