ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ
text_fieldsദീപ്തി ശർമ
മുംബൈ: വീരചരിതം രചിച്ച വീരാംഗനകൾ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ചതിന്റെ ആഘോഷം അവസാനിക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ കൈകളിൽ പന്ത് താഴ്ന്നിറങ്ങിതോടെ പുതുയുഗം പിറവികൊള്ളുകയായിരുന്നു. ലോകകപ്പ് മൽസരങ്ങളുടെ വീരനായികയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി ശർമയെന്ന ശക്തിദുർഗം പതിവിലും ആർജവത്തോടെയായിരുന്നു അവസാന മൽസരത്തിലും കാണപ്പെട്ടത്.
ആദ്യം ബാറ്റുകൊണ്ട് ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കിയെങ്കിലും പിന്നീട് ബോളുകൊണ്ട് ദുരന്തം വിതക്കുകയായിരുന്നു. ഈ ലോകകപ്പ് അവസാന മൽസരത്തിൽ ഇന്ത്യൻ വനിത ടീമിന്റെ ഓൾറൗണ്ടർ ദീപ്തി ശർമ തന്റെ ടീമിനായി ഒന്നിനൊന്ന് മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 58 പന്തിൽനിന്ന് നിർണായക 58 റൺസ് തുടർന്ന് രണ്ടാം ഇന്നിങ്സിൽ തന്റെ മാരക ബൗളിങ്ങിലൂടെ അവർ എതിരാളികളുടെ നട്ടെല്ല് തകർത്ത അഞ്ച് വിക്കറ്റുകൾ നേടി ലോക വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി ലിറ്റിൽ മാസ്റ്റർ സചിൻ തെണ്ടുൽക്കർ, ഇന്ത്യകണ്ട മികച്ച ഓൾ റൗണ്ടർ യുവരാജ് സിങ്, ഇതിഹാസതാരം വിരാട് കോഹ്‌ലി എന്നീ പടനായകൻമാരുടെ പട്ടികയിൽ ഇടം നേടിയ പടനായികയായതും പുതു ചരിതം. കൂടാതെ, ലോകകപ്പ് ടൂർണമെന്റിന്റെ പ്ലെയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കളിക്കാരിയും, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ താരവുമായി ദീപ്തി.
2025 ലെ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി 200 ൽ അധികം റൺസും 22 വിക്കറ്റുകളും ദീപ്തി നേടി. ഈ ഓൾറൗണ്ട് പ്രകടനത്തിലൂടെയാണ് ലോകകപ്പിന്റെ താരമായത്. സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിങ്, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിനു മുമ്പ് ലോകകപ്പിന്റെ താരങ്ങളായ എലൈറ്റ് പട്ടികയിൽ ഇടം നേടിയത്. 2003 ൽ സചിൻ തെണ്ടുൽക്കറും, 2011 ൽ യുവരാജ് സിങ്ങും, 2023 ൽ വിരാട് കോഹ്‌ലിയും നേടിയിരുന്നു. ഇപ്പോൾ, ഇതിഹാസങ്ങളുടെ പട്ടികയിൽ ദീപ്തിയുടെ പേരും തങ്കലിപികളിൽ ചേർത്തിരിക്കുന്നു.
ഒരു ലോകകപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറായി ദീപ്തി ശർമ മാറി. ഏകദിന ലോകകപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറാണ്. ഇതിനുമുമ്പ് ഒരു പുരുഷ താരമോ വനിതാ താരമോ ഈ നേട്ടം കൈവരിച്ചിട്ടില്ല. ഫൈനലിൽ 9.3 ഓവറിൽ 39 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി പുരുഷ, വനിത ലോകകപ്പുകളുടെ ഒരു സീസണിൽ 200 ൽ കൂടുതൽ റൺസും 20 ൽ കൂടുതൽ വിക്കറ്റും നേടിയ ആദ്യ കളിക്കാരിയായും മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

