അഹ്മദാബാദിൽ ഇന്ന് കുട്ടിക്കലാശം
text_fieldsഅഹ്മദാബാദ്: 2023 നവംബർ 19, ഏകദിന ലോകകപ്പിൽ തുടർച്ചയായ പത്ത് ജയങ്ങളുമായി ഫൈനലിലെത്തിയതായിരുന്നു ഇന്ത്യ. പ്രാഥമിക റൗണ്ടിൽ ആസ്ട്രേലിയയെ തോൽപിച്ച് തുടങ്ങി സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ ജയം വരെ നീണ്ട ജൈത്രയാത്ര. രോഹിത് ശർമക്കും സംഘത്തിനും മുമ്പിൽ മുട്ടുമടക്കാത്ത ഒരു ടീമും ആ ലോകകപ്പിലുണ്ടായിരുന്നില്ല. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കിരീടമുയർത്താനുറച്ച് മെൻ ഇൻ ബ്ലൂ ഇറങ്ങി. കരുത്തരായ ഓസീസായിരുന്നു എതിരാളികൾ.
എല്ലാ പ്രതീക്ഷയും തെറ്റിച്ച് കിരീടവുമായി കംഗാരുപ്പട പറന്നപ്പോൾ കളികണ്ട കോടിക്കണക്കിന് ആരാധകർ കപ്പിൽ കണ്ണീർ നിറച്ചു. 2024ൽ യു.എസും കരീബിയൻ രാഷ്ട്രങ്ങളും വേദിയായ ട്വന്റി20 ലോകകപ്പ് ജേതാക്കളായാണ് ഇന്ത്യ ആ സങ്കടം മറന്നത്. ഒരിക്കൽകൂടി കുട്ടിക്രിക്കറ്റിന്റെ വിശ്വമേളയെത്തിയപ്പോൾ ആതിഥേയരുടെ റോളിലുള്ള ഇന്ത്യക്ക് കിരീടം വിട്ടുകൊടുക്കുക വയ്യ. രണ്ട് വർഷം മുമ്പ് സങ്കട മഴ പെയ്ത അതേ മോദി സ്റ്റേഡിയത്തിലാണ് ഞായറാഴ്ച രാത്രി ന്യൂസിലൻഡിനെതിരെ സൂര്യകുമാർ യാദവും സംഘവും ട്വന്റി20 ലോകകപ്പ് കലാശപ്പോരിനിറങ്ങുന്നത്.
സഞ്ജു തുടരും; ആശങ്ക അഭിഷേകിൽ
ഓപണർ അഭിഷേക് ശർമയുടെ മോശം ഫോമാണ് ടീം ഇന്ത്യയെ അലോസരപ്പെടുത്തുന്ന ഏക കാര്യം. ഏഴ് മത്സരങ്ങൾ കളിച്ച അഭിഷേക് സിംബാബ്‌വെക്കെതിരെ നേടിയ അർധ ശതകമൊഴിച്ചാൽ തീർത്തും പരാജയമായിരുന്നു. തുടക്കത്തിൽ മാറ്റിനിർത്തപ്പെട്ട സഞ്ജു സാംസണാവട്ടെ പിന്നീട് അവസരം ലഭിച്ച് തകർപ്പൻ ഫോമിലെത്തി ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ പ്രവേശനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചു. അഭിഷേകിനെ കളിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ടീം മാനേജ്മെന്റ് എത്തിയാൽ സഞ്ജുവിനൊപ്പം ഓപണറായി ഇഷാൻ കിഷനിറങ്ങും. അഭിഷേകിന് പകരം ഫിനിഷർ റിങ്കു സിങ് മധ്യനിരയിലുണ്ടാവും. സ്പിന്നർ വരുൺ ചക്രവർത്തിയുടെ കാര്യവും സംശയത്തി ലാണ്. വരുണില്ലെങ്കിൽ കുൽദീപ് യാദവ് പ്ലേയിങ് ഇലവനിലെത്തും. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് ഡിപ്പാർട്ട്മെന്റിൽ അർഷ്ദീപ് സിങ് തുടരാനാണ് സാധ്യത. ഓപണർമാർക്കും റിങ്കുവിനും പുറമെ സ്പെഷലിസ്റ്റ് ബാറ്റർമാരായി ക്യാപ്റ്റൻ സൂര്യ, തിലക് വർമ, ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരുണ്ട്.
കിവി കുറിക്കുമോ ചരിത്രം?
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഇതുവരെ ന്യൂസിലൻഡിനെതിരെ ജയിച്ചിട്ടില്ലെന്നത് മിച്ചൽ സാന്റ്നർക്കും സംഘത്തിനും വലിയ ആത്മവിശ്വാസം നൽകുന്നു. രാജ്യത്തേക്ക് ആദ്യ ലോക കിരീടമെത്തിക്കുന്ന നായകനെന്ന ചരിത്രമാണ് സാന്റ്നറിനെ കാത്തിരിക്കുന്നത്. പക്ഷേ, സ്വന്തം കാണികൾക്ക് മുന്നിൽ വർധിത വീര്യത്തോടെ ഇറങ്ങുന്ന ഇന്ത്യയെ തോൽപിക്കുക അവർക്ക് എളുപ്പമായിരിക്കില്ല.
ട്വന്റി20 ലോകകപ്പിൽ കിവികൾക്കിത് രണ്ടാം ഫൈനലാണ്. 2021ൽ അയൽക്കാരായ ആസ്ട്രേലിയയോട് എട്ട് വിക്കറ്റിന് തോറ്റു. ഇക്കുറി സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടിയ ഫിൻ അലനും മിന്നും ഫോം തുടർന്ന ടിം സീഫെർട്ടും ചേർന്ന ഓപണിങ് കൂട്ടുകെട്ടും ഗ്ലെൻ ഫിലിപ്സും ഡാരിൽ മിച്ചൽ മാർക് ചാപ്മാനുമുൾപ്പെട്ട ബാറ്റിങ് നിരയെയും മാറ്റ് ഹെൻട്രിയുടെ നേതൃത്വത്തിൽ ലോക്കി ഫെർഗുസൻ, ജെയിംസ് നീഷം തുടങ്ങിയവരടങ്ങിയ ബൗളിങ് ആക്രമണത്തെയും കൈകാര്യം ചെയ്യാൻ ആതിഥേയർക്കായാൽ കിരീടം ഇന്ത്യയിലുണ്ടാവും. രചിൻ രവീന്ദ്രയുടെ ഓൾ റൗണ്ട് മികവും കിവികൾക്ക് മുതൽക്കൂട്ടാണ്.
ഫൈനൽ തലേന്ന് മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക വീശുന്ന ആരാധകർ
ടീം ഇവരിൽനിന്ന്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, ടിം സീഫെർട്ട്, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാറ്റ് ഹെൻട്രി, ലോക്കി ഫെർഗൂസൻ കോൾ മക്കൻസി, കൈൽ ജാമിസൺ, ജേക്കബ് ഡഫി, ഡെവൺ കോൺവേ, ജിമ്മി നീഷാം, ഇഷ് സോധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

