Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രസംകൊല്ലിയായി മഴയെത്തി; ആവേശപ്പോരിൽ പാകിസ്താന് 21 റൺസ് ജയം

text_fields
bookmark_border
pak vs nz 89870
cancel

ബംഗളൂരു: രണ്ടുവട്ടം മഴ മുടക്കിയ മത്സരത്തിൽ മഴനിയമപ്രകാരം ന്യൂസിലാൻഡിനെതിരെ പാകിസ്താന് 21 റൺസ് ജയം. ന്യൂസിലാൻഡ് ഉയർത്തിയ കൂറ്റൻ സ്കോറിന് അതേനാണയത്തിൽ പാകിസ്താൻ മറുപടി നൽകുന്നതിനിടെയാണ് രസംകൊല്ലിയായി മഴയെത്തിയത്. ആദ്യം 41 ഓവറിൽ 342 റൺസായി പാകിസ്താന്‍റെ വിജയലക്ഷ്യം പുനർനിർണയിച്ചെങ്കിലും 26ാം ഓവറിൽ വീണ്ടും മഴയെത്തിയതോടെ ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താൻ 21 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോർ: ന്യൂസിലാൻഡ് 401/6 (50 ഓവർ), പാകിസ്താൻ 200/1 (25.3 ഓവർ). സെഞ്ചുറി നേടിയ പാക് താരം ഫഖർ സമാമാണ് കളിയിലെ താരം.

25.3 ഓവറിൽ മഴയെത്തി മത്സരം നിർത്തുമ്പോൾ പാക് സ്കോർ ഒരു വിക്കറ്റിന് 200 റൺസായിരുന്നു. മഴ നിയമപ്രകാരം ഈ സമയത്ത് പാകിസ്താന് വേണ്ടിയിരുന്നത് 179 റൺസാണ്. മത്സരം തുടരില്ലെന്ന് ഉറപ്പായതോടെ പാകിസ്താനെ വിജയിയായി പ്രഖ്യാപിച്ചു.

ഓപ്പണർ അബ്ദുല്ല ഷഫീഖിന്‍റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സെഞ്ചുറി നേടിയ ഫഖർ സമാമും (126), ക്യാപ്റ്റൻ ബാബർ അസമും (66) ചേർന്ന് ഒന്നാംവിക്കറ്റിൽ മികച്ച കൂട്ടുകെട്ട് തീർത്തു. 11 സിക്സറുകളും എട്ട് ഫോറും പറത്തിയ ഫഖർ സമാമായിരുന്നു കൂടുതൽ ആക്രമണകാരി. രണ്ട് സിക്സും ആറ് ഫോറുമാണ് ബാബർ അസം നേടിയത്.

ഇഷ് സോധി എറിഞ്ഞ 25ാം ഓവറാണ് പാക് ജയത്തിൽ നിർണായകമായത്. ബാബറും ഫഖർ സമാമും ചേർന്ന് 20 റൺസാണ് ഈ ഓവറിൽ അടിച്ചെടുത്തത്. മൂന്ന് സിക്സറുകൾ പിറന്നു. മഴനിയമപ്രകാരം വിജയിയെ തീരുമാനിച്ചപ്പോൾ ഈ ഓവറിൽ നേടിയ റൺ പാകിസ്താന് തുണയായി.

ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും മികവിൽ പാകിസ്താനെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് കിവികൾ അടിച്ചെടുത്തത്.

നേരത്തെ, 402 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ന്യൂസിലാൻഡ് പാകിസ്താന് മുന്നിൽ വെച്ചത്. രചിൻ രവീന്ദ്ര 95 പന്തിൽ ഒരു സിക്സും 15 ഫോറുമടക്കം 108 റൺസടിച്ചപ്പോൾ ടീമിൽ തിരിച്ചെത്തിയ കെയ്ൻ വില്യംസൺ 79 പന്തിലാണ് 95 റൺസ് അടിച്ചുകൂട്ടിയത്. രണ്ട് സിക്സും 10 ഫോറുമടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച െഗ്ലൻ ഫിലിപ്സ് (25 പന്തിൽ 41), ഓപണർ ഡെവോൺ കോൺവെ (39 പന്തിൽ 35), ഡാറിൽ മിച്ചൽ (18 പന്തിൽ 29), മാർക് ചാപ്മാൻ (27 പന്തിൽ 39), ​ മിച്ചൽ സാന്റ്നർ (17 പന്തിൽ പുറത്താവാതെ 26) എന്നിവരും മികച്ച പിന്തുണ നൽകി. പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്നും ഹസൻ അലി, ഇഫ്തിഖാർ അഹ്മദ്, ഹാരിസ് റഊഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Cup 2023 NZ Vs Pak live
Next Story