വനിത ക്രിക്കറ്റ് ലോകകപ്പ്: വിൻഡീസിന് നാടകീയ വിജയം
text_fieldsമൗണ്ട് മൗൻഗനൂയി (ന്യൂസിലൻഡ്): അവസാന ഓവറിലെ നാടകീയതക്കൊടുവിൽ വനിത ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ ജയം വെസ്റ്റിൻഡീസിന്. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ മൂന്നു റൺസിനാണ് വിൻഡീസ് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത വിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തപ്പോൾ കിവീസ് പോരാട്ടം ഒരു പന്ത് ബാക്കിയിരിക്കെ 256ലൊതുങ്ങി.
അവസാന ഓവർ തുടങ്ങുമ്പോൾ മൂന്നു വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലൻഡിന് ജയിക്കാൻ ആറു റൺസ് മതിയായിരുന്നു. അതുവരെ ബൗൾ ചെയ്യാത്ത ഡിയേൻഡ്ര ഡോട്ടിൻ ബൗൾ ചെയ്യാനെത്തുമ്പോൾ 44 റൺസെടുത്ത കേറ്റി മാർട്ടിനും 24 റൺസുമായി ജെസ് കെർറുമാണ് ക്രീസിലുള്ളത് എന്നത് കിവീസിന് പ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ, അഞ്ചു പന്തിനിടെ രണ്ടു റൺസ് ചേർക്കുന്നതിനിടെ മൂന്നു വിക്കറ്റും വീണതോടെ വിൻഡീസ് ജയത്തിലെത്തി.

