വനിത ലോകകപ്പ്: മുന്നിലെത്താൻ ഇന്ത്യക്ക് ഇന്ന് ആഫ്രിക്കൻ പരീക്ഷ
text_fieldsഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ പരിശീലനത്തിനിടെ
വിശാഖപട്ടണം: വനിത ഏകദിന ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ മൂന്നാം മത്സരത്തിൽ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ച ഹർമൻപ്രീത് കൗറിനും സംഘത്തിനും ആഫ്രിക്കൻ പരീക്ഷ ജയിക്കാനായാൽ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറാം. ഇന്ത്യയെപ്പോലെ നാല് പോയന്റുള്ള ഇംഗ്ലണ്ട് റൺറേറ്റിന്റെ നേരിയ ബലത്തിലാണ് മുന്നിൽ നിൽക്കുന്നത്.
ഇംഗ്ലീഷുകാരോട് കനത്ത തോൽവിയോട തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ വീഴ്ത്തി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. മൂന്ന് പ്രധാന ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്താതെ മടങ്ങുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏക തലവേദന. ഓപണറും ഐ.സി.സി റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരിയുമായ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമനും ജെമീമ റോഡ്രിഗസും ഇനിയും ഫോമിലേക്ക് ഉയർന്നിട്ടില്ല. മറ്റൊരു ഓപണർ പ്രതിക റാവലും ഹർലീൻ ഡിയോളുമാണ് അൽപ്പമെങ്കിലും വിശ്വാസം കാക്കുന്നത്.
സ്പിൻ ഓൾ റൗണ്ടർമാരായ ദീപ്തി ശർമയും സ്നേഹ് റാണയും രണ്ട് മത്സരങ്ങളിലും നിർണായക സംഭാവനകൾ നൽകി. ലങ്കക്കെതിരെ അർധശതകവും ഒരു വിക്കറ്റും നേടിയ പേസ് ബൗളിങ് ഓൾ റൗണ്ടർ അമൻജോത് കൗറിന് പരിക്ക് കാരണം പാകിസ്താനുമായി കളിക്കാനായില്ല. അമൻജോത് തിരിച്ചെത്തുന്ന പക്ഷം സ്പെഷലിസ്റ്റ് പേസറായ രേണുക സിങ് ഠാകുർ പ്ലേയിങ് ഇലവനിൽനിന്ന് പുറത്താവും. മറ്റൊരു പേസർ ക്രാന്തി ഗൗഡും സ്പിന്നർ ശ്രീ ചരണിയും ഫോമിലുള്ളത് ബൗളിങ്ങിൽ കരുത്താണ്.
ആദ്യ കളിയിൽ വെറും 69 റൺസിന് പുറത്തായി ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയവരാണ് ദക്ഷിണാഫ്രിക്കക്കാർ. ന്യൂസിലൻഡിനെതിരെ ഓപണർ തസ്മിൻ ബ്രിറ്റ്സ് ഉജ്ജ്വല സെഞ്ച്വറി നേടി വിജയ ശിൽപിയായി. സ്പിന്നർ നോൻകുലുലെക്കോ മ്ലാബയുടെ നാല് വിക്കറ്റ് പ്രകടനവും സുനെ ലൂസ് പുറത്താവാതെ നേടിയ 83 റൺസും ടീമിനെ തുണച്ചു.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, രേണുക സിങ് ഠാകുർ, ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീചരണി, രാധ യാദവ്, അമൻജോത് കൗർ, കെ. അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്.
ദക്ഷിണാഫ്രിക്ക: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ), അയബോംഗ ഖാക്ക, ക്ലോ ട്രിയോൺ, നദീൻ ഡി ക്ലെർക്ക്, മരിസാൻ കാപ്പ്, തസ്മിൻ ബ്രിറ്റ്സ്, സിനാലോ ജഫ്ത, നോൻകുലുലെക്കോ മ്ലാബ, ആനെറി ഡെർക്സെൻ, അനെകെ ബോഷ്, മസബത ക്ലാസ്, സുനെ ലൂസ്, കരാബോ മെസോ, തുമി സെഖുഖുനേ, നോന്ദുമിസോ ഷംഗസേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

