വനിത ടി20 ലോകകപ്പ് ക്രിക്കറ്റ്; യോഗ്യത പ്രതീക്ഷയിലേക്ക് കുവൈത്ത് ടീം യാത്രതിരിച്ചു
text_fieldsകുവൈത്ത് വനിത ക്രിക്കറ്റ് ടീം ഒഫിഷ്യൽസിനൊപ്പം
കുവൈത്ത് സിറ്റി: അടുത്ത വർഷം ബംഗ്ലാദേശിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത പ്രതീക്ഷകളുമായി കുവൈത്ത് ടീം യാത്രതിരിച്ചു. മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ യോഗ്യത മത്സരങ്ങൾക്കായി ശനിയാഴ്ച പുലർച്ചയാണ് 15 അംഗ കുവൈത്ത് വനിത ടീം യാത്ര തിരിച്ചത്. ഈ മാസം 31 മുതൽ സെപ്റ്റംബർ ഒമ്പതു വരെയാണ് യോഗ്യത മത്സരങ്ങൾ.
ഏഷ്യയിൽ നിന്നുള്ള 11 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരങ്ങൾ. 11 ടീമുകളിൽനിന്ന് രണ്ടു ടീമുകൾ ഗ്ലോബൽ യോഗ്യതക്ക് അർഹരാകും. അതിൽ നിന്നുള്ള പോരാട്ടത്തിലെ രണ്ടു ടീമുകളാകും വനിത ടി20 ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുക. ബംഗ്ലാദേശ്, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, പാകിസ്താൻ ടീമുകൾ നേരത്തേ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ് എയിൽ ബഹ്റൈൻ, ഭൂട്ടാൻ, മലേഷ്യ, നേപ്പാൾ, ഖത്തർ, യു.എ.ഇ എന്നിവ ഉൾപ്പെടുന്നു. ചൈന, ഹോങ്കോങ്, മ്യാന്മർ, തായ്ലൻഡ് എന്നിവ ഉൾപ്പെട്ട ഗ്രൂപ് ബിയിലാണ് കുവൈത്ത്. ആഗസ്റ്റ് 31ന് ചൈനയുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. സെപ്റ്റംബർ മൂന്നിന് ഹോങ്കോങ്ങുമായും നാലിന് തായ്ലൻഡുമായും ആറിന് മ്യാന്മറുമായും ഏറ്റുമുട്ടും.
യോഗ്യത മത്സരങ്ങൾക്കുമുമ്പ് നേപ്പാൾ, ഹോങ്കോങ്, മലേഷ്യ ടീമുകളുമായി കുവൈത്ത് പരിശീലന മത്സരം കളിക്കും. ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രണ്ടു മാസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് യോഗ്യത മത്സരത്തിനിറങ്ങുന്നതെന്നും ടീമിലെ മലയാളി താരം പ്രിയദ മുരളി പറഞ്ഞു.

