സ്മൃതി മന്ദാനക്ക് വെടിക്കെട്ട് അർധ സെഞ്ച്വറി, ഒരുപിടി റെക്കോഡുകളും; ഓസീസിനെതിരെ തകർത്തടിച്ച ഇന്ത്യക്ക് വമ്പൻ സ്കോർ
text_fieldsഅർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന
വിശാഖപട്ടണം: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 48.5 ഓവറിൽ 330 റൺസിന് ഓൾ ഔട്ടായി. കഴിഞ്ഞ മൂന്നു മത്സരത്തിലും നിരാശപ്പെടുത്തിയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ഒടുവിൽ ഫോം കണ്ടെത്തിയപ്പോൾ ഒരുപിടി റെക്കോഡുകളും പിറന്നു. പ്രതിക റാവലിന്‍റെ അർധ സെഞ്ച്വറി കൂടി ചേർന്നതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
66 പന്തിൽ മൂന്നു സിക്സും ഒമ്പതും ഫോറുമടക്കം 80 റൺസെടുത്താണ് മന്ദാന പുറത്തായത്. 25ാം ഓവറിൽ സോഫി മോളിനൂക്സിന്റെ പന്തിൽ ഫോബെ ലിച്ഫീൽഡ് ക്യാച്ചെടുത്താണു താരം പുറത്താകുന്നത്. വെടിക്കെട്ട് അർധ സെഞ്ച്വറിയോടെ താരം വിമർശകരുടെ വായടപ്പിച്ചു. വനിത ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യൻ താരം. ഓസീസിനെതിരെ 18 റൺസ് നേടിയാണ് താരം റെക്കോഡിലെത്തിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ സോഫി മൊളിനുക്സിനെ സിക്സർ പറത്തിയാണ് താരം നേട്ടം കൈവരിച്ചത്.
18 ഏകദിനത്തിൽനിന്നാണ് താരം 1000 റൺസിലെത്തിയത്. വനിതാ ഏകദിനത്തിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമായി. ഏകദിനത്തിൽ 5000 റൺസ് തികക്കുന്ന പ്രായം കുറഞ്ഞ താരവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിങ്സുകളിൽനിന്നാണ് (5569 പന്തുകൾ) താരം ഈ നേട്ടത്തിലെത്തിയത്. 5000 റൺസ് കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്.
പ്രതീക റാവൽ 96 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റിൽ 24.3 പന്തിൽ നേടിയ 155 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. ഹർലീൻ ഡിയോൾ (42 പന്തിൽ 38), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17 പന്തിൽ 22), ജെമീമ റോഡ്രിഗസ് (21 പന്തിൽ 33), റിച്ച ഘോഷ് (22 പന്തിൽ 32), അമൻജോത് കൗർ (12 പന്തിൽ 16), ദീപ്തി ശർമ (ആറു പന്തിൽ ഒന്ന്), ക്രാന്തി ഗ്വാഡ് (മൂന്നു പന്തിൽ ഒന്ന്), ശ്രീ ചരണി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി സ്നേഹ് റാണ പുറത്താകാതെ നിന്നു.
ഓസീസിനായി അന്നബേൽ സതർലാൻഡ് 9.5 ഓവറിൽ 50 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. സോഫി മോളിനൂക്സ് മൂന്നു വിക്കറ്റെടുത്തു. നിലവിലെ ജേതാക്കളാണ് ഓസീസ്. ആദ്യ രണ്ടു മത്സരങ്ങളിൽ ജയം നേടിയ ഇന്ത്യ മൂന്നാം കളിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. ആസ്ട്രേലിയ മൂന്നു കളികളിൽ രണ്ടു വിജയം സ്വന്തമാക്കിയപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.
ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്നു ഇടംകൈയൻ ബാറ്റർ മന്ദാന. ലോകകപ്പിന് മുമ്പുള്ള 14 ഇന്നിങ്സുകളിൽ 66 റൺ ശരാശരിയിൽ 928 റൺസടിച്ച സ്മൃതി ലോകകപ്പിലെ മൂന്നു കളികളിൽ 18 റൺ ശരാശരിയിൽ 54 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

