റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്ഫീൽഡിന് സെഞ്ച്വറി
text_fieldsമുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് 49.5 ഓവറിൽ 338 റൺസെടുത്ത് ഓൾഔട്ടാകുകയായിരുന്നു.
തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപണർ ഫീബ് ലിച്ച്ഫീൽഡിന്റെ കരുത്തിലാണ് ഓസീസ് റൺമല തീർത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്ലീ ഗാർഡ്നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.
ആറാം ഓവറിൽ ക്യാപ്റ്റനും ഓപണറുമായ അലീസ ഹീലിയെ (5) ക്രാന്തി ഗൗഡ് ബൗൾഡാക്കിയെങ്കിലും കംഗാരു നാട്ടുകാർ പിന്നെ തിരിഞ്ഞുനോക്കിയില്ല. രണ്ടാം വിക്കറ്റിൽ ലിച്ച്ഫീൽഡ്-പെറി സഖ്യം 28ാം ഓവർവരെ തുടർന്നു. 77 പന്തിലായിരുന്നു ലിച്ച്ഫീൽഡിന്റെ ശതകം. ഓപണറെ അമൻജോത് കൗർ കുറ്റിതെറിപ്പിച്ച് വിടുമ്പോൾ സ്കോർ ബോർഡിൽ 180. ബെത്ത് മൂണി 22 പന്തിൽ 24 റൺസ് ചേർത്ത് ശ്രീചരണിക്ക് വിക്കറ്റ് സമ്മാനിച്ചു. അന്നബെൽ സതർലൻഡിനെ (3) ചരണി സ്വന്തം പന്തിൽ പിടിച്ചു. നാലിന് 228.
മറുതലക്കലുണ്ടായിരുന്ന പെറി 40ാം ഓവറിലാണ് വീണത്. രാധ യാദവിന്റെ പന്തിൽ സ്റ്റമ്പിളകി തിരിഞ്ഞുനടക്കുമ്പോൾ 250ന് അരികിലെത്തിയിരുന്നു ഓസീസ്. തഹ്ലിയ മക്ഗ്രാത്ത് (12) റണ്ണൗട്ടായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഗാർഡ്നറാണ് സ്കോർ 300 കടത്തിയത്. കിം ഗാർത്ത് (17), അലാന കിങ് (4), സോഫി മൊളിന്യൂസ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഇന്ത്യക്കുവേണ്ടി ശ്രീ ചരണിയും ദീപ്തി ശർമയും രണ്ടുവീതവും ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

