'വനിത ഐ.പി.എൽ അനിവാര്യമായിരുന്നു'; സ്വാഗതം ചെയ്ത് അസ്ഹറുദ്ദീൻ
text_fieldsവനിത ഐ.പി.എല്ലിന് അനുമതി നൽകിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. വനിത ഐ.പി.എൽ അനിവാര്യമായിരുന്നു. വനിത ക്രിക്കറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ പ്രകടനം മികച്ചതാണ്. വനിതാ ഐ.പി.എൽ വരുന്നതോടെ വിദേശത്ത് നിന്ന് കൂടുതൽ കളിക്കാരെത്തും, ദേശീയ ടീമിലേക്ക് മികച്ച കളിക്കാരെ കണ്ടെത്താനാകും. ബി.സി.സി.ഐ അധ്യക്ഷനായുള്ള റോജർ ബിന്നിയുടെ കാലാവധി ഇന്ത്യൻ ക്രിക്കറ്റിന് ഗുണപ്രദമാകുമെന്നും അദ്ദേഹം അത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിന്നി എന്നേക്കാളും സീനിയറാണ്. 1984-85 കാലയളവിൽ ആസ്ട്രേലിയയിൽ ബെൻസൺ ആൻഡ് ഹെഡ്ജസ് ക്രിക്കറ്റ് ലോക ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്‍റെ ആരാധകനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ബി.സി.സി.ഐ അധ്യക്ഷ പദവിയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഫലപ്രദമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തലവൻ കൂടിയായ അസ്ഹറുദ്ദീൻ പറഞ്ഞു.
വനിത ഐ.പി.എൽ വരുന്ന മാർച്ചിൽ നടക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. അഞ്ച് ടീമുകളാവും ടൂർണമെന്റിൽ കളിക്കുക. 20 മത്സരങ്ങളുണ്ടാവും. എല്ലാ ടീമുകളും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു ടീം നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ എലിമിനേറ്ററിൽ മാറ്റുരക്കും.
അഞ്ച് വിദേശതാരങ്ങളെ മാത്രമാണ് പ്ലേയിങ് ഇലവനിൽ അനുവദിക്കുക. ഇതിൽ നാല് പേർ ഐ.സി.സിയുടെ പൂർണാംഗത്വമുള്ള രാജ്യങ്ങളിൽ നിന്നാവണം. ഫെബ്രുവരിയിൽ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പിന് പിന്നാലെയാവും ഐ.പി.എല്ലും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

