വനിത ഇംഗ്ലണ്ട് ‘എ’ ടീമിനെതിരെ: ഇന്ത്യ ‘എ’ ക്ക് നാല് വിക്കറ്റ് തോൽവി
text_fieldsമത്സരശേഷം ഇന്ത്യ എ, ഇംഗ്ലണ്ട് എ താരങ്ങൾ ഹസ്തദാനം ചെയ്യുന്നു
മുംബൈ: വനിത ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ക്ക് തോൽവി. നാല് വിക്കറ്റിന് ജയിച്ച ഇംഗ്ലീഷുകാരികൾ മൂന്ന് മത്സര പരമ്പരയിൽ (1-1) ഒപ്പമെത്തി. ടോസ് നേടിയ ഇന്ത്യൻ നായിക മിന്നു മണി ബാറ്റിങ് തിരഞ്ഞെടുത്തു. 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 149 റൺസാണ് ആതിഥേയർ നേടിയത്. ഇംഗ്ലണ്ട് എ ഏഴ് പന്ത് ബാക്കിനിൽക്കെ ആറിന് 151ലെത്തി. നിർണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.
ഇന്ത്യ എ നിരയിൽ 14 പന്തിൽ 27 റൺസടിച്ച് കനിക അഹൂജ ടോപ് സ്കോററായി. ഓപണർ ഉമ ഛേത്രി 14 പന്തിൽ 26 റൺസെടുത്തപ്പോൾ ആരുഷി ഗോയൽ 26 പന്തിൽ 26 നേടി പുറത്താകാതെ നിന്നു. 13 പന്തിൽ 14 റൺസ് ചേർത്ത ക്യാപ്റ്റൻ മിന്നു മണി മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങി. ഓപണർമാരായ ഗ്രേസ് സ്രിവൻസിനെയും (39) മായിയ ബൂചിയറെയും (27) മിന്നു വിക്കറ്റ് കീപ്പർ ഉമ ഛേത്രിയുടെ ഗ്ലൗസിലെത്തിക്കുകയായിരുന്നു. പുറത്താകാതെ 15 പന്തിൽ 35 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയുംചെയ്ത ഇസി വോങ്ങാണ് കളിയിലെ താരം.

