ബുംറ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കുമോ? വ്യക്തത വരുത്തി ഇന്ത്യയുടെ സഹപരിശീലകൻ...
text_fieldsബിർമിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ബുധനാഴ്ച എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കെ, ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ബുംറയുടെ കാര്യത്തിൽ സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. ലീഡ്സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ബുംറ നേടിയ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യക്ക് ആറു റൺസിന്‍റെ ലീഡ് നേടികൊടുത്തത്. ടീമിലെ മറ്റു പേസർമാർക്കൊന്നും ഒന്നാം ടെസ്റ്റിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മുഹമ്മദ് സിറാജ് വിക്കറ്റെടുക്കാൻ മടിക്കുമ്പോൾ, പ്രസിദ്ധ് കൃഷ്ണയും ഷാർദുൽ ഠാക്കൂറും വലിയ രീതിയിൽ റൺസ് വിട്ടുകൊടുക്കുകയാണ്.
അതുകൊണ്ടു തന്നെ താരത്തിന്‍റെ അസാന്നിധ്യം ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഇതിനിടെയാണ് ഇന്ത്യയുടെ സഹപരിശീലകൻ റയാൻ ഡെൻ ഡോഷെ ബുംറയുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തിയത്. രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ബുംറയുണ്ടെന്നും അന്തിമ ഇലവന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മുൻ നെതർലൻഡ് ക്രിക്കറ്റ് ടീം നായകൻ കൂടിയായ ഡെൻ ഡോഷെ പറഞ്ഞു.
‘രണ്ടാം മത്സരത്തിന് ബുംറയും ലഭ്യമാണ്. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ മൂന്നെണ്ണത്തിൽ മാത്രമേ ബുംറ കളിക്കൂവെന്ന കാര്യം നേരത്തെ തന്നെ നമുക്കറിയാം. ആദ്യ ടെസ്റ്റിനുശേഷം എട്ടു ദിവസത്തെ ഇടവേള ലഭിച്ചിട്ടുണ്ട്. പക്ഷേ സാഹചര്യങ്ങളും ജോലി ഭാരവും കണക്കിലെടുക്കുമ്പോൾ, ബുംറയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മറ്റു താരങ്ങളുടെ ജോലിഭാരവും പരിഗണിക്കേണ്ടതുണ്ട്. സാങ്കേതികമായി ബുംറ ലഭ്യമാണെങ്കിലും താരം കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ -ഡെൻ ഡോഷെ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ബാറ്റർമാർ മിന്നിയിട്ടും ജയം കൈവിട്ട ക്ഷീണത്തിലാണ് ശുഭ്മൻ ഗില്ലും സംഘവും. വർധിത വീര്യത്തോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇംഗ്ലീഷുകാരാവട്ടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലും. ഇന്ത്യക്കെതിരായ വിജയ ഇലവനെത്തന്നെ നിലനിർത്തിയിട്ടുണ്ട് ആതിഥേയർ. ഇതോടെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ രണ്ടാം മത്സരത്തിലും പുറത്തിരിക്കേണ്ടിവരും. കുടുംബപരമായ അത്യാവശ്യം കാരണം പുറത്തായിരുന്ന ആർച്ചറിന് കഴിഞ്ഞദിവസം പരിശീലനത്തിനും ഇറങ്ങാനായില്ല. രണ്ട് സ്പിന്നർമാരെ കളിപ്പിക്കുമെന്നാണ് ഇന്ത്യൻ ക്യാമ്പിൽനിന്ന് വരുന്ന വാർത്തകൾ. രവീന്ദ്ര ജദേജക്കൊപ്പം കുൽദീപ് യാദവോ വാഷിങ്ടൺ സുന്ദറോ ഇറങ്ങും.
ഇംഗ്ലണ്ട് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടങ്, ഷുഐബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

