"ഡ്രസ്സിങ് റൂമിലെത്തി മനോവീര്യമുയര്‍ത്തിയതിന് നന്ദി"; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മുഹമ്മദ് ഷമി
text_fieldsഅഹമ്മദാബാദ്: കലാശപ്പോരിൽ ഇടറിവീണ ഇന്ത്യതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡസ്സിങ് റൂമിലെത്തി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ മത്സരം കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയിരുന്ന പ്രധാനമന്ത്രി മത്സര ശേഷമാണ് താരങ്ങളെ ആശ്വസിപ്പിക്കാനായി ഡ്രസ്സിങ് റൂമിലെത്തിയത്.
മത്സരശേഷം തങ്ങളെ കണ്ട് ആവേശവും മനോവീര്യവും നിറച്ച് മടങ്ങിയ പ്രധാനമന്ത്രിക്ക് മുഹമ്മദ് ഷമി നന്ദി പറഞ്ഞു. പ്രധാനമന്ത്രി തന്നെ ചേർത്തുപിടിച്ച ചിത്രത്തോടപ്പമാണ് മുഹമ്മദ് ഷമി എക്സിൽ നന്ദി കുറിച്ചത്.
'ദൗര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ തിരിച്ചുവരും' ഷമി എക്‌സില്‍ കുറിച്ചു.
ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് മുഹമ്മദ് ഷമി.
രവീന്ദ്ര ജഡേജ എക്സിൽ കുറിച്ചതിങ്ങനെ:-
''ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച ടൂര്‍ണമെന്റായിരുന്നു. എന്നാല്‍ അവസാനത്തെ ഫലം ഹൃദയഭേദകമായിരുന്നു. ഇതിനിടെ ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് മാനസികമായി കരുത്തേകി.'' രവീന്ദ്ര ജഡേജ എക്‌സില്‍ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. ടൂർണമന്റെിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ടീം ഇന്ത്യ 10 മത്സരങ്ങളും ജയിച്ച് പതിനൊന്നാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്.