367 നോട്ട് ഔട്ട്! ലാറയുടെ ലോകറെക്കോഡ് തകർക്കാനുള്ള സുവർണാവസരം ഉപേക്ഷിച്ച് മുൾഡർ
text_fieldsട്രിപ്പിൾ സെഞ്ച്വറി നേടിയ വിയാൻ മുൾഡർ
ബുലവായോ: പരിക്കേറ്റ കേശവ് മഹാരാജിന് പകരം നായകനായെത്തിയ വിയാൻ മുൾഡറുടെ മാസ്മരിക ബാറ്റിങ് പ്രകടനത്തിന്‍റെ കരുത്തിൽ സിംബാബ്വെക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ മുൾഡർ, ടെസ്റ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറെന്ന വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയൻ ലാറയുടെ റെക്കോഡ് മറികടക്കാതെ ഇന്നിങ്സ് ഡിക്ലയർ ചെയ്തത് കൗതുകമായി. 334 പന്തിൽ 367 റൺസുമായി നിൽക്കെയാണ് താരം ഇന്നിങ്സ് അവസാനിപ്പിച്ചത്.
മുൾഡറുടെ അപരാജിത ട്രിപ്പിൾ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറിയ പ്രോട്ടീസ്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 626 എന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ടെസ്റ്റിൽ ഒരു താരം നേടുന്ന ഏറ്റവുമുയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോറാണ് മുൾഡർ തിങ്കളാഴ്ച സ്വന്തം പേരിലാക്കിയത്. 2004ൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റൺസ് നേടിയ ലാറയാണ് പട്ടികയിൽ ഒന്നാമത്. ആസ്ട്രേലിയയുടെ മാത്യു ഹെയ്ഡനാണ് (380) രണ്ടാമത്. മൂന്നാമത് വീണ്ടും ലാറ (375) തന്നെയാണെന്നത് ശ്രദ്ധേയമാണ്. 374 റൺസ് നേടിയിട്ടുള്ള ലങ്കൻ താരം മഹേല ജയവർധനെയാണ് ആദ്യ അഞ്ചിലെ മറ്റൊരു താരം.
രണ്ട് പതിറ്റാണ്ടിനു ശേഷം ലാറയുടെ ക്വാഡ്രപ്ൾ സെഞ്ച്വറി മറികടക്കാനുള്ള അവസരമാണ് മുൾഡർ ഉപേക്ഷിച്ചത്. 33 റൺസ് കൂടി കണ്ടെത്തിയിരുന്നെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു 400 റൺസെന്ന റെക്കോഡ് പിറക്കുമായിരുന്നു. ടെസ്റ്റിന്‍റെ ഒന്നാംദിനം 264 റൺസ് നേടിയ മുൾഡർ, രണ്ടാം ദിനം തിരിച്ചെത്തി 103 റൺസ് കൂടി കൂട്ടിച്ചേർത്തു. പ്രോട്ടീസിനായി ഒരു താരം നേടുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറാണിത്. 2012ൽ 311 റൺസ് നേടിയ ഹാഷിം അംലയാണ് പിന്നിലായത്. അംലയല്ലാതെ ട്രിപ്പിൾ സെഞ്ച്വറിയറിച്ച ഏക പ്രോട്ടീസ് താരമാണ് മുൾഡർ എന്നതും ശ്രദ്ധേയമാണ്.
അതേസമയം മുൾഡർ ഒഴികെ ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റാർക്കും മൂന്നക്കം കാണാനായില്ല. ഡേവിഡ് ബെഡിങ്ഹാം (82), ലുവാൻദ്രെ പ്രിട്ടോറിയസ് (78) എന്നിവർ അർധ സെഞ്ച്വറി നേടി. സിംബാബ്വെക്കായി തനക ഷിവംഗ, ക്യുന്ദെയ് മതിഗിമു എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിൽ 56 റണ്‍സ് നേടുന്നതിനിടെ സിംബാബ്വെക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ട് വീതം വിക്കറ്റുകൾ പിഴുത മുൾഡറും കോഡി യൂസുഫുമാണ് ആതിഥേയരുടെ മുൻനിര ബാറ്റർമാരെ കൂടാരം കയറ്റിയത്. ഇരുവരും ഇതുവരെ രണ്ട് വീതം വിക്കറ്റുകൾ നേടിയിട്ടുണ്ട്. 21 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 66 എന്ന നിലയിലാണ് സിംബാബ്വെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

