ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽനിന്ന് ശുഭ്മൻ ഗില്ലിനെ എന്തുകൊണ്ട് ഒഴിവാക്കി? അഗാർക്കർ പറയുന്ന കാരണം ഇതാണ്...
text_fieldsമുംബൈ: അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിന്‍റെ അഭാവമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായാണ് ഗിൽ ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്തിയത്. വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ്ങിലായിരുന്നു താരത്തിന് സ്ഥാനം. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള ബി.സി.സി.ഐ പദ്ധതിയായാണ് ട്വന്‍റി20യിൽ വൈസ് ക്യാപ്റ്റനായുള്ള ഗില്ലിന്‍റെ മടങ്ങിവരവിനെ അന്ന് വിശേഷിപ്പിച്ചത്.
നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനാണ് ഗിൽ. ഗില്ല് വന്നത് മലയാളി താരം സഞ്ജു സാംസണിനാണ് തിരിച്ചടിയായത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും പ്രോട്ടീസിനെതിരായ പരമ്പരയിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നു. ഗില്ലാണെങ്കിൽ ഓപ്പണർ ബാറ്ററായി ഇറങ്ങി തീർത്തും നിരാശപ്പെടുത്തി. ഇതോടെ സഞ്ജുവിനെ പുറത്തിരുത്തി ടീമിലെത്തിയ ഗില്ലിനെതിരെ വിമർശനവും ശക്തമായി. ഇതിനിടെയാണ് നാലാം മത്സരത്തിനു തൊട്ടുമുമ്പായി പരിശീലനത്തിനിടെ താരത്തിന്‍റെ കാൽവിരലിന് പരിക്കേൽക്കുന്നതും പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽനിന്ന് പുറത്താകുന്നതും. നാലാം മത്സരം മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെ സഞ്ജുവിന് കളിക്കാനുള്ള യോഗമുണ്ടായില്ല.
അഞ്ചാം മത്സരത്തിൽ അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തിളങ്ങുകയും ടീമിന് മികച്ച തുടക്കം നൽകുകയും ചെയ്തു. 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം സഞ്ജു 37 റൺസെടുത്താണ് പുറത്തായത്. തൊട്ടടുത്ത ദിവസം നടന്ന ടീം പ്രഖ്യാപനത്തിലാണ് ഗില്ലിന് ഇടമില്ലാതെ വന്നത്. താരത്തിന്‍റെ ഫോമില്ലായ്മ തന്നെയാണ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്. കഴിഞ്ഞ 15 മത്സരങ്ങളിൽ താരം ആകെ നേടിയത് 266 റൺസ് മാത്രമാണ്. 19 ആണ് ശരാശരി. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്‍റെ പേരിലില്ല. ‘ശുഭ്മൻ ഗിൽ മികച്ച കളിക്കാരനാണെന്നതിൽ സംശയമില്ല, ഇപ്പോൾ താരത്തിന് റൺസ് കണ്ടെത്താനാകുന്നില്ല. നിർഭാഗ്യവശാൽ കഴിഞ്ഞ ലോകകപ്പും താരത്തിന് കളിക്കാൻ കഴിഞ്ഞില്ല’ -ടീം പ്രഖ്യാപന വേളയിൽ ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ് ചെയ്യണമെന്നാണ് ടീം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സഞ്ജുവിനെയും ഇഷാൻ കിഷനെയും പരിഗണിച്ചതെന്നും അഗാർക്കറും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും വ്യക്തമാക്കി. ‘ടീം കോമ്പിനേഷൻ പരിഗണിച്ചാണ് ഗില്ലിനെ ഒഴിവാക്കിയത്. അല്ലാതെ താരത്തിന്‍റെ ഫോമില്ലായ്മയല്ല. ഒരു കീപ്പറെ ഓപ്പണറാക്കണമെന്നാണ് ടീം പരിഗണിച്ചത്’ -സൂര്യകുമാർ പ്രതികരിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം നേടികൊടുക്കുന്നതിൽ ക്യാപ്റ്റൻ കൂടിയായ ഇഷാൻ കിഷന്‍റെ ബാറ്റിങ്ങിന് നിർണായക പങ്കുണ്ടായിരുന്നു. ഇതാണ് ഇടവേളക്കുശേഷം താരത്തിനും ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ഗിൽ പുറത്തായതോടെ അക്സർ പട്ടേലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ തവണ ലോകകപ്പ് ടീമുലുണ്ടായിട്ടും സഞ്‌ജുവിന് ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ് പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. റിങ്കു സിങ്ങും ടീമിലേക്ക് തിരിച്ചെത്തി.
ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

