കോഹ്ലിയും അനുഷ്കയും ലണ്ടനിലേക്ക് താമസം മാറുന്നത് എന്തിന്? കാരണം വെളിപ്പെടുത്തി ബോളിവുഡ് നടിയുടെ ഭർത്താവ്
text_fieldsമുംബൈ: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി. ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും താരത്തിന്‍റെ കുട്ടിക്രിക്കറ്റ് പ്രതിഭക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി സീസണിൽ തകർപ്പൻ ഫോമിലാണ് താരം ബാറ്റുവീശുന്നത്.
സീസണിൽ റൺ സമ്പാദ്യം 400 റൺസിനടുത്തെത്തി. റൺവേട്ടക്കാരിൽ രണ്ടാമനാണ്. ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം താരം ഭാര്യ അനുഷ്ക ശർമക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് താമാസം മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാമത്തെ കുഞ്ഞ് അകായ് പിറന്നതിനു പിന്നാലെ തുടർച്ചയായി ദമ്പതികളെ ലണ്ടനിൽ കണ്ടതും ഊഹാപോഹങ്ങൾ ശക്തമാകുന്നതിന് കാരണമായി. കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ ഉൾപ്പെടെയുള്ളവർ താരദമ്പതിമാര്‍ യു.കെയിലേക്ക് താമസം മാറിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. അപ്പോഴും ലണ്ടനിലേക്ക് താമസം മാറാനുള്ള കാരണമാണ് ആരാധകർ അന്വേഷിച്ചിരുന്നത്. ഇതിനിടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്‍റെ ഭര്‍ത്താവ് ഡോ. ശ്രീറാം നെനെ രംഗത്തെത്തിയത്. ജീവിതം ആസ്വദിക്കാനും കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്താനും വേണ്ടിയാണ് കോഹ്ലിയും അനുഷ്കയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. അനുഷ്‌കയുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്താണ് ശ്രീറാം നെനെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്ക് അദ്ദേഹത്തോട് (കോഹ്ലി) വളരെയേറെ ബഹുമാനമുണ്ട്. ഞങ്ങൾ അദ്ദേഹവുമായി നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്; അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്. ഞങ്ങള്‍ ഒരു ദിവസം അനുഷ്‌കയുമായി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. അവര്‍ക്ക് ഇവിടെ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുകയായിരുന്നു’ -യൂട്യൂബർ രൺവീർ അല്ലാബാഡിയയുമായി തന്‍റെ പോഡ്കാസ്റ്റ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ശ്രീറാം നെനെ പറഞ്ഞു.
അവര്‍ കടന്നുപോകുന്ന അവസ്ഥ ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തു ചെയ്താലും അത് ശ്രദ്ധനേടും. ഇത് ശരിക്കും അവരെ ഒറ്റപ്പെടുത്തി. എല്ലായ്പ്പോഴും അവരുടെയടുത്ത് ആളുകള്‍ സെല്‍ഫിയെടുക്കാനെത്തും. അത് മോശം കാര്യമാണെന്നല്ല. പക്ഷേ ചില സമയങ്ങളില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. എന്നാല്‍ അനുഷ്‌കയും കോഹ്ലിയും നല്ല മനുഷ്യരാണെന്നും അവര്‍ക്ക് തങ്ങളുടെ കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നേയുള്ളൂവെന്നും ശ്രീറാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

