വൈഭവ് വിളിപ്പുറത്തുണ്ട്.. വിളിക്കാൻ ബി.സി.സി.ഐക്കും താൽപര്യം; പക്ഷേ സീനിയർ കുപ്പായമണിയാൻ പ്രായമായില്ലത്രേ...!
text_fieldsവൈഭവ് സൂര്യവംശി
ന്യൂഡൽഹി: ഹരാരെയിൽ ക്രീസിൽ നിന്നുയർന്ന പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലണ്ടിന്റെ കൗമാര ബൗളർമാരുടെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളിൽ നിന്നും വൈഭവ് സൂര്യവംശിയെന്ന പേര് ഇനി എളുപ്പത്തിൽ മാഞ്ഞു പോവുകയുമില്ല. പണ്ടൊരിക്കൽ, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റവൽപിണ്ടി എക്സ്പ്രസ് ഷുഐബ് അക്തറിന്റെ തീതുപ്പുന്ന പന്തുകൾ സിക്സും ബൗണ്ടറിയും പറത്തി സചിൻ ടെണ്ടുൽകർ പേടിസ്വപ്നമായി മാറിയപോലെ.
അത്രമാത്രം പ്രഹരശേഷിയിലായിരുന്നു ഇന്ത്യയുടെ 14കാരൻ വൈഭവ് സൂര്യവംശി നിറഞ്ഞാടിയത്. പൊടിമീശ പോലും മുളക്കാത്ത പയ്യന്റെ ബാറ്റിൽ നിന്നും പറന്ന മാലപ്പടക്ക ഇന്നിങ്സുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണെങ്കിലും, ലോകക്രിക്കറ്റ് വണ്ടറടിച്ചത് വെള്ളിയാഴ്ച പകലിലെ ഹരാരെ ക്ലാസിലൂടെയായിരുന്നു. അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ വെറും 80 പന്തിൽ 175 റൺസ് എന്ന മാരക ഇന്നിങ്സിന്റെ ഞെട്ടൽ കമന്ററി ബോക്സിൽ നിന്നും മാഞ്ഞിട്ടുമില്ല. 15സിക്സും, 15 ബൗണ്ടറിയുമായി ആ ബാറ്റിൽ നിന്നും പന്ത് ബൗണ്ടറി കടന്നത് 30 തവണ. 411 റൺസ് എന്ന റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച വൈഭവായിരുന്നു ടൂർണമെന്റിന്റെയും കലാശപ്പോരിന്റെയും താരം.
ഫൈനൽ ഉൾപ്പെടെ ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിലും കളിച്ച വൈഭവ് മൂന്ന് അർധസെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് കുറിച്ചത്. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ രണ്ട് റൺനിസ് പുറത്തായതൊഴിച്ചാൽ എല്ലാ മത്സരങ്ങളിലും നിറഞ്ഞാടി. 2-72-40-52-30-68-175 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഏഴ് മത്സരങ്ങളിൽ ആകെ നേടിയത് 439 റൺസ്.
കുഞ്ഞു പ്രായത്തിൽ തന്നെ സീനിയർ താരങ്ങളെ പോലും വെല്ലുന്ന പ്രകടനവുമായി തകർത്താടുന്നു വൈഭവിന്റെ ബാറ്റിങ് വൈഭവം കണ്ട് എന്ത് കൊണ്ട് അവനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിക്കുന്നില്ലെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ വലിയ ചോദ്യം. പ്രായത്തിൽ കവിഞ്ഞ പ്രകടന മികവുമായി കളിതുടരുന്ന വൈഭവിനെ ക്രിക്കറ്റ് ജീനിയസുകാളയ സചിൻ ടെണ്ടുകറും, വിരാട് കോഹ്ലിയുമായെല്ലാം ആരാധകർ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു.
സീനിയർ ടീമിൽ കളിക്കാൻ ഇനിയും കാത്തിരിക്കണം
വൈഭവ് സൂര്യ വംശിക്ക് ഇപ്പോൾ പ്രായം 14 വയസ്സും 10 മാസവുമാണ്. 15 തികയാൻ ഈ വർഷം മാർച്ച് വരെ കാത്തിരിക്കണം. ഇതിനകം, ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് ‘എ’യിലും ഐ.പി.എൽ ഉൾപ്പെടെ ട്വന്റി20യിലും അരങ്ങേറ്റം കുറിച്ച് വൈഭവ് വെടിക്കെട്ട് ഇന്നിങ്സുകൾകൊണ്ട് അതിശയിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. 2024ൽ ഐ.പി.എല്ലിൽ രാജസ്ഥാൻ താരമാവുമ്പോൾ വൈഭവിന് പ്രായം 13ആയിരുന്നു. രാജസ്ഥാൻ നൽകിയ വില 1.1 കോടി രൂപയും. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരം ഐ.പി.എല്ലിലെ ഏറ്റവും പ്രായകുറഞ്ഞ കളിക്കാരൻ എന്ന റെക്കോഡ് നേടി. പത്തു ദിവസത്തിനു ശേഷം, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സെഞ്ച്വറിയും കുറിച്ചു. 35 പന്തിലായിരുന്നു അതിവേഗ സെഞ്ച്വറി. ഏഴ് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമായി 252 റൺസ്. രഞ്ജിയിലും, മറ്റു ആഭ്യന്തര ക്രിക്കറ്റിലും മികവുതെളിയിച്ച താരം അണ്ടർ 19 ക്രിക്കറ്റിലും തന്റെ പ്രകടനം തുടരുമ്പോഴാണ് എന്ത് കൊണ്ട് സീനിയർ ടീമിലേക്ക് വിളിക്കാൻ വൈകുന്നുവെന്ന ചോദ്യം ആവർത്തിക്കുന്നത്.
എന്നാൽ, 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നടപ്പാക്കിയ മിനിമം ഏയ്ജ് പോളിസിയാണ് വൈഭവിനെ ദേശീയ സീനിയർ ടീമിലേക്ക് വിളിക്കാൻ ഇനിയും വൈകുന്നത്. യുവതാരങ്ങളുടെ ശാരീരിക-മാനസിക സുരക്ഷക്കായി ഏർപ്പെടുത്തിയ നിയമ പ്രകാരം 15 വയസ്സ് തികഞ്ഞാൽ മാത്രമേ സീനിയർ ടീമിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. 2011 മാർച്ച് 27ന് ജനിച്ച വൈഭവിന് ഈ വരുന്ന മാർച്ചിൽ മാത്രമേ 15 വയസ്സ് എന്ന കടമ്പ കടക്കൂവെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള ഇടം രണ്ടു മാസത്തെ മാത്രം വ്യത്യാസത്തിൽ നഷ്ടമായി.
നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോഡ് സചിൻ ടെണ്ടുൽകറിന്റെ പേരിലാണ്. 1989ൽ പാകിസ്താനെതിരെ അരങ്ങേറുമ്പോൾ സചിന്റെ പ്രായം 16 വയസ്സും 238 ദിവസവുമായിരുന്നു. വനിതാ ക്രിക്കറ്റിൽ ഷെഫാലി വർമക്കാണ് റെക്കോഡ്. 15 വയസ്സും 239 ദിവസവും.
പിയൂഷ് ചൗള 17ാം വയസ്സിലും ലക്ഷ്മൺ ശിവരാമകൃഷ്ണൻ 17ാം വയസ്സിലും പാർഥിവ് പട്ടേൽ 17ാം വയസ്സിലുമാണ് ദേശീയ ടീമിൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

