എന്തുകൊണ്ട് ഷനകയുടെ ഔട്ട്, നോട്ടൗട്ടായി ?; വിചിത്രവും രസകരവുമാണ് ക്രിക്കറ്റ് നിയമങ്ങൾ...!
text_fieldsസൂപ്പർ ഓവറിനിടയിൽ അമ്പയർ ഗാസി സുഹൈൽ ഇന്ത്യൻ ക്യാപ്റ്റന് നിയമം വിശദീകരിക്കുന്നു
ദുബൈ: രസകരവും സങ്കീർണവുമായ നിയമങ്ങളുടെ കളി കൂടിയാണ് ക്രിക്കറ്റ്. ചിലപ്പോൾ ചില നിയമങ്ങളും വിധികളും കളിക്കാരുടെയും കണ്ണു തള്ളിക്കും. എന്നാൽ, നൂറായിരം നിയമങ്ങൾ അടുക്കിവെച്ച ക്രിക്കറ്റിൽ, നിമിഷ വേഗത്തിൽ, നിർണായക തീരുമാനങ്ങൾ പിഴക്കാതെ എടുക്കുക എന്നത് അമ്പയർമാരുടെ മികവിന്റെ അടയാളം കൂടിയാണ്.
ഒരുപക്ഷേ, ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും അവിശ്വസനീയമാവും ഇഴകീറി പഠിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിൽ അമ്പയർ എടുക്കുന്ന തീരുമാനം.
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോൾ മത്സരം സൂപ്പർ ഓവറിന്റെ ത്രില്ലിലാണ് അവസാനിച്ചത്. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അവസാന പന്തിലെ ഡബ്ളുമായി സ്കോർ ടൈയിലെത്തിച്ചതിനു പിന്നാലെയാണ് മത്സരം സൂപ്പർ ഓവറിന്റെ നാടകീയതയിലേക്ക് നീങ്ങിയത്. ഇവിടെ ശ്രീലങ്ക ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോഴായിരുന്ന നിയമങ്ങളുടെ നൂലാമാലകൾ കളംവാണത്.
സൂപ്പർ ഓവറിൽ സംഭവിച്ചത്...?
സൂപ്പർ ഓവറിൽ അർഷദീപിന്റെ നാലാം പന്തിൽ സ്ട്രൈക്ക് ചെയ്യാൻ ലങ്കയുടെ ഡസുൻ ഷനക. യോർക്കറിനെ നേരിടാനുള്ള ശ്രമത്തിൽ പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൈയിൽ. അടുത്ത നിമിഷം, ബൗളർ അർഷദീപ് കാച്ച് ബീഹൈൻഡ് ആയി അപ്പീൽ ചെയ്യുന്നു. സ്റ്റാൻഡിങ് അമ്പയർ ഗാസി സുഹൈൽ വിരലുകൾ ഉയർത്തി ഔട്ട് വിധിച്ചു. റണ്ണിനായി ഓടിത്തുടങ്ങിയ ലങ്കൻ ബൗളർ ബാറ്റ് ടച്ചില്ലെന്നുറപ്പുള്ളതിനാൽ ഉടൻ റിവ്യൂ നൽകി. അതിനിടയിൽ തന്നെ സഞ്ജു സാംസൺ ഡയറക്ട് ഹിറ്റിൽ കുറ്റിയും ഇളക്കി. ബാറ്റർ ക്രീസിൽ നിന്നും ഏറെ അകലെ ആയതിനാൽ റൺ ഔട്ട് ഉറപ്പ്. എന്നാൽ, പിന്നീടായിരുന്നു ട്വിസ്റ്റ്.
ക്യാച്ച് ബീഹൈൻഡ് ആയാണ് അമ്പയർ ഔട്ട് നൽകിയെന്നതിനാൽ റൺ ഔട്ടിലേക്കെത്തിയ പന്ത് ഡെഡ് ആയി മാറി. ബാറ്റ് ടച്ച് റിവ്യൂ ചെയ്ത് അമ്പയറുടെ തീരുമാനം തെറ്റാണെന്നുറപ്പിച്ച് മൂന്നാം അമ്പയർ നോട്ടൗട്ട് വിളിച്ചു. സംഭവങ്ങളുടെ ഗതിയറിയാതെ പ്രതിഷേധം അറിയിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെയും സഹതാരങ്ങളെയും വിളിച്ച് അമ്പയർ ഗാസി നിയമം വിശദീകരിച്ചു. ആദ്യ തീരുമാനമാണ് എല്ലായ്പ്പോഴും നിലനിൽക്കുന്നത്, ബൗളർ എൻഡിലെ അമ്പയർ ഔട്ട് കൊടുക്കുമ്പോൾ പന്ത് ഡെഡ് ആകും. അതുകൊണ്ടാണ് പിന്നീട് നടന്ന റൺ ഔട്ടിൽ നിന്നും ഷനക രക്ഷപ്പെട്ടത്.
വിക്കറ്റ് കീപ്പർ ക്യാച്ചിന് അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ അമ്പയർ ആദ്യം ഔട്ട് വിളിക്കുകയും, റിവ്യുവിൽ അൾട്രാഎഡ്ജ് ബാറ്റിനും പന്തിനും ഇടയിൽ വ്യക്തമായ അകലം കാണിക്കുകയും ചെയ്തത്തോടെ ഇത് നോട്ടൗട്ട് ആയി മാറി.
കളത്തിലെ താരങ്ങളും ഗാലറിയിലെയും ടെലിവിഷനു മുന്നിലെയും ആരാധകർ ഞെട്ടിയെന്ന് മാത്രമല്ല, ഡഗ് ഔട്ടിൽ കോച്ച് ഗൗതം ഗംഭീർ ആംഗ്യങ്ങളിലൂടെ പൊട്ടിത്തെറിക്കുന്നതും കാണാമായിരുന്നു.
അടുത്ത പന്തിൽ പക്ഷേ ഷനക ഡി.ആർ.എസും റീേപ്ലയുമൊന്നുമില്ലാതെ പുറത്തായി. സൂപ്പർ ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത ലങ്കക്ക്, നേരിട്ട ആദ്യ പന്തിൽ മറുപടി നൽകി ഇന്ത്യ വിജയം നേടി.
മുതിർന്ന ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല പറയുന്നു..
‘സഞ്ജുവിന്റെ ത്രോ സ്റ്റംപിൽ ഡയറക്ട് ഹിറ്റ് ചെയ്തുവെങ്കിലും, ബൗളർ അർഷദീപ് അപ്പിൽ ചെയ്തത് വിക്കറ്റ് കീപ്പർ ക്യാച്ചിനായിരുന്നു. അപ്പീലിന് അനുസൃതമായി അമ്പയർ ഔട്ട് വിളിച്ചതോടെ, പിന്നീടുള്ള പന്തിന്റെ നീക്കം ഡെഡ് ആയി. ആദ്യ ആക്ഷൻ (ഡിസ്മിസൽ) ആയിരിക്കും നിലനിൽക്കുന്നത്. ഒരുപക്ഷേ, റൺഔട്ടിന് ശേഷമായിരുന്നു ബൗളറുടെ അപ്പീൽ വരുന്നതെങ്കിൽ വിധി നിർണയം മറ്റൊന്നാവുമായിരുന്നു’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

