Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘മധ്യനിരയിൽ അത്ര...

‘മധ്യനിരയിൽ അത്ര പോരാ...’; സഞ്ജുവിനെ ഏകദിന സ്ക്വാഡിൽനിന്ന് തഴഞ്ഞതിൽ വിചിത്ര ന്യായവുമായി ചീഫ് സെലക്ടർ

text_fields
bookmark_border
‘മധ്യനിരയിൽ അത്ര പോരാ...’; സഞ്ജുവിനെ ഏകദിന സ്ക്വാഡിൽനിന്ന് തഴഞ്ഞതിൽ വിചിത്ര ന്യായവുമായി ചീഫ് സെലക്ടർ
cancel
camera_altസഞ്ജു സാംസൺ

മുംബൈ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനാക്കിയുള്ള ആദ്യ ടീം പ്രഖ്യാപനമായിരുന്നു ഇത്. മുന്നറിയിപ്പു പോലും നൽകാതെ സീനിയർ താരം രോഹിത് ശർമയുടെ ക്യാപ്റ്റൻസി പിൻവലിച്ചാണ് ടീം പ്രഖ്യാപനം നടന്നത്. കളിച്ച അവസാന ഏകദിനത്തിലും സെഞ്ച്വറിയടിച്ച മലയാളി താരം സഞ്ജു സാംസണെ 50 ഓവർ ഫോർമാറ്റിലേക്ക് പരിഗണിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കെ.എൽ. രാഹുലിനെ മെയിൻ വിക്കറ്റ് കീപ്പറാക്കിയപ്പോൾ നാളിതുവരെ ഏകദിനം കളിക്കാത്ത ധ്രുവ് ജുറേലിനെ ബാക്കപ് ഓപ്ഷനായി സ്ക്വാഡിൽ ഉൾപ്പെടുത്തി.

എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചില്ലെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയത്. സഞ്ജു അവസാന ഏകദിനത്തിൽ മൂന്നാം നമ്പരിൽ കളിച്ചാണ് സെഞ്ച്വറി നേടിയത്. എന്നാൽ മധ്യനിരയിൽ മികച്ച സംഭാവന നൽകാൻ ജുറേലിന് കഴിയുമെന്നായിരുന്നു ചീഫ് സെലക്ടറുടെ ന്യായം. അതായത് മൂന്നാം നമ്പരിലല്ല, മധ്യനിരയിൽ നന്നായി കളിക്കുന്ന താരത്തെയാണ് പരിഗണിച്ചതെന്ന്. രസകരമായ വസ്തുതയെന്തെന്നാൽ, സഞ്ജുവിനെ ഒരിക്കലും പ്രത്യേക പൊസിഷനിൽ കളിപ്പിക്കാറില്ല എന്നതാണ്. മൂന്നാം നമ്പരിലും ചിലപ്പോൾ ഓപണറായും കളിക്കുന്ന സഞ്ജുവിനെ ഏഴും എട്ടും സ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രീസിലേക്ക് അയക്കാറുണ്ട്. ഏകദിനത്തിൽ 56.7 ബാറ്റിങ് ശരാശരിയും 99.6 പ്രഹരശേഷിയുമുള്ള താരമാണ് സഞ്ജുവെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ജുറേലിന് അവസരം നൽകിയതെന്നത് ശ്രദ്ധേയമാണ്.

അതേസമയം ആസ്ട്രേലിയക്കെതിരെയുള്ള ട്വന്‍റി20 പരമ്പരക്കുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ഒക്ടോബർ 19, 23, 25 തീയതികളിലാണ് ഇന്ത്യ -ആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരങ്ങൾ. സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്ക് ഒക്ടോബർ 29ന് തുടക്കമാകും.

ആസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘം

  • ഏകദിന സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ
  • ട്വന്‍റി20 സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ് വാഷിങ്ടൺ സുന്ദർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCISanju SamsonAjit Agarkarind vs aus
News Summary - Why Sanju Samson Was Left Out of India’s ODI Squad for Australia Tour 2025
Next Story