
‘ക്രിക്കറ്റിലെ ആ പഴയരീതി തിരികെക്കൊണ്ടുവരണം’; കാരണം പറഞ്ഞ് സച്ചിൻ
text_fieldsമുംബൈ: ബൗളിങ്ങിന് മുമ്പ് ക്രിക്കറ്റ് താരങ്ങൾ പന്തിൽ ഉമിനീർ പുരട്ടുന്നത് ഒരുകാലത്ത് ക്രിക്കറ്റ് വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ കോവിഡ് വ്യാപന കാലത്ത് ഈ രീതി കർശനമായി നിരോധിച്ചു. ഇപ്പോഴും ഈ നിയന്ത്രണം തുടരുന്നുണ്ട്. എന്നാൽ ബോളിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണമെന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.
കോവിഡ് കാലത്ത് ഈ രീതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അംഗീകരിക്കുന്നുവെന്നും കൊവിഡ് ഭീഷണി കുറയുന്ന ഇക്കാലത്ത് ഈ നിയന്ത്രണം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.‘ഞാനൊരു മെഡിക്കൽ വിദഗ്ധൻ അല്ല. എന്നാൽ പന്തിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെ കൊണ്ടുവരണം. 100 വർഷത്തിലധികമായി ഈ രീതി നിലവിലുണ്ട്. അന്നൊന്നും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ 2020 കോവിഡ് കാലത്ത് ഇവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനം ഉചിതമായിരുന്നു. എന്നാൽ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു’-സച്ചിൻ പറഞ്ഞു.
ശുചിത്വമില്ലാത്ത രീതിയാണ് ഇവയെന്ന രീതിയിലുള്ള പ്രചരണങ്ങളെയും സച്ചിൻ പ്രതിരോധിച്ചു. ബൗളിംഗിന് മുമ്പ് ബോൾ കക്ഷത്തിനിടയിൽ വെച്ച് വിയർപ്പ് പുരട്ടാറുണ്ട്. അതിന് കുഴപ്പമില്ലെങ്കിൽ ബോളിൽ ഉമിനീർ പുരട്ടുന്നതിലും പ്രശ്‌നമില്ലെന്നും സച്ചിൻ പറഞ്ഞു.
‘ഉമിനീർ പുരട്ടുന്നത് ശുചിത്വമില്ലാത്ത രീതിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. ചിലർ ബോൾ കക്ഷത്തിനിടയിൽ വെച്ച് വിയർപ്പ് പറ്റിക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ ബോളാകുമ്പോൾ ഉമിനീർ പുരട്ടേണ്ടത് അത്യാവശ്യമാണ്. വിയർപ്പിനെക്കാൾ വ്യത്യസ്തമാണ് ഉമിനീർ. ഒരു വശം ഭാരമുള്ളതായും മറ്റൊരുവശം ഭാരക്കുറവോടെയും നിലനിർത്താൻ നിങ്ങളെ ഇത് സഹായിക്കും. ഇത് ബോൾ സ്വിംഗ് ചെയ്യാൻ സഹായിക്കും’-സച്ചിൻ പറഞ്ഞു.
ഈ വിഷയം നേരത്തെയും നിരവധി താരങ്ങൾ ചർച്ച ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ കളിക്കാരൻ പാറ്റ് കമ്മിൻസും ഇക്കാര്യം ഒരിക്കൽ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിൽ ആർട്ടിഫിഷ്യൽ വാക്‌സ് പോലെയുള്ളവ ഉപയോഗിക്കാൻ ഐസിസി അനുമതി നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഉന്നതാധികാര സമിതി ഈ നിർദ്ദേശം സ്വീകരിച്ചിരുന്നില്ല.
പന്തിൽ ഉമിനീർ ഉപയോഗിച്ചതിന് എതിർ ടീമിന് അഞ്ച് റൺസ് നൽകുമെന്ന നിയമവും ഐ.സി.സി കൊണ്ടുവന്നിരുന്നു. യുഎഇയുടെ അലിഷാൻ ഷഫറു പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിച്ചതിനെത്തുടർന്ന് നേപ്പാളിന് അഞ്ച് റൺസ് പെനാൽറ്റി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
