പാകിസ്താന്‍റെ ബഹിഷ്കരണ ഭീഷണി ലോക ക്രിക്കറ്റിൽ എന്തുകൊണ്ടു വിലപോവുന്നില്ല? സത്യാവസ്ഥ ഇതാണ്....
text_fieldsഏറെ നാടകീയതക്കൊടുവിലാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പാകിസ്താൻ-യു.എ.ഇ മത്സരം നടന്നത്. പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ബഹിഷ്കരണ ഭീഷണി മുഴക്കുകയും താരങ്ങൾ ഹോട്ടലിൽ തന്നെ തുടരുകയും ചെയ്തതോട മത്സരത്തിന്‍റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായാണ് ഒടുവിൽ പാകിസ്താൻ മത്സരത്തിന് തയാറായത്. രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഇന്ത്യയുമായുള്ള മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിൽ പ്രതിഷേധിച്ചതാണ് പാകിസ്താൻ ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.
ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ കൈകൊടുക്കൽ വിവാദത്തിനു പിന്നാലെയാണ് മാച്ച് റഫറിയെ മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. ലോക ക്രിക്കറ്റിൽ ഇത് ആദ്യമായല്ല പാകിസ്താൻ ബഹിഷ്കരണ ഭീഷണി മുഴക്കുന്നത്. 2022-2023 ഏഷ്യ കപ്പിലും ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തർക്കത്തിലും പാകിസ്താൻ ഇത്തരത്തിൽ ബഹിഷ്കണ മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.സി.സി മുന്നറിയിപ്പിനു പിന്നാലെ നിലപാടിൽനിന്ന് പിന്നോട്ടുപോകുന്നതാണ് പതിവ്.
പാകിസ്താന്‍റെ ബഹിഷ്കരണ ചരിത്രം
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെ 2022ലെ ഏഷ്യ കപ്പ് വേദി ലങ്കയിലേക്ക് മാറ്റിയിരുന്നു. 2023ലെ ഏഷ്യ കപ്പ് ടൂർണമെന്‍റ് വേദി പാകിസ്താന് നൽകാമെന്ന ഉറപ്പിലാണ് പി.സി.ബി ഇതിന് തയാറായത്. എന്നാൽ, 2023ലും ഇന്ത്യ വരാൻ വിസമ്മതിച്ചതോടെ പാകിസ്താൻ ബഹിഷ്കരണ ഭീഷണിയുമായി രംഗത്തെത്തി. പിന്നാലെ ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിൽ നടത്താൻ തീരുമാനിച്ചു.
ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടന്നത്. പിന്നീട് വന്ന ഏഷ്യ കപ്പിലെല്ലാം ഈ തർക്കം ആവർത്തിച്ചു. പാകിസ്താൻ ബഹിഷ്കരണ ഭീഷണി മുഴക്കുമെങ്കിലും ഐ.സി.സി ഇടപെടുന്നതോടെ അവർ നിലപാടിൽനിന്ന് പിന്നാക്കം പോകും. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രധാനവരുമാനം ഐ.സി.സിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും നൽകുന്ന ഗ്രാന്‍റാണ്. 2025 ഏഷ്യ കപ്പിൽനിന്ന് പാകിസ്താൻ പിന്മാറിയാൽ 141 കോടി രൂപയുടെ നഷ്ടമാണ് പി.സി.ബിക്ക് ഉണ്ടാകുക. ഇത്രയും വലിയ തുക നഷ്ടപ്പെടുന്നത് പി.സി.ബിയുടെ നിലനിൽപ്പ് തന്നെ തുലാസിലാക്കും.
ഇന്ത്യൻ ടീം പങ്കെടുക്കുന്ന ടൂർണമെന്‍റുകൾക്കാണ് കൂടുതൽ സ്പോൺസർമാരും വരുമാനവും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ പിണക്കുന്ന ഒരു തീരുമാനത്തിനും എ.സി.സിയോ ഐ.സി.സിയോ തയാറാകില്ല. ലോക ക്രിക്കറ്റിൽ എന്നും ബി.സി.സി.ഐയുടെ തീരുമാനങ്ങൾക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്. സാമ്പത്തികമായാലും മറ്റു കാര്യത്തിലായാലും ബി.സി.സി.ഐയോട് മത്സരിക്കാനുള്ള കരുത്ത് പി.സി.ബിക്കില്ല. ഇതാണ് അവരെ ബഹിഷ്കരണ ഭീഷണിയിൽനിന്ന് പിന്നോട്ടുവലിക്കുന്നതും.
അടുത്തകാലത്തായി പാകിസ്താൻ ടീമിന്‍റെ മോശം പ്രകടനത്തിൽ ആരാധകരും കട്ട കലിപ്പിലാണ്. ഇതിനിടെയാണ് പൊള്ളയായ ബഹിഷ്കരണ ഭീഷണി മുഴക്കി പി.സി.ബി സ്വയം പരിഹാസ്യരാകുന്നതും. ലോക ക്രിക്കറ്റിൽ പാകിസ്താൻ ഇപ്പോൾ തന്നെ ഏവർക്കും ഒരു
ട്രോൾ വസ്തുവാണ്. പാകിസ്താൻ സൂപ്പർ ഫോറിലേക്ക് കടന്നതോടെ ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനും കളമൊരുങ്ങി. ഞായറാഴ്ചയാണ് മത്സരം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രിക്കറ്റിലെ ചിരവൈരികൾ മുഖാമുഖം വരുന്നത്. ഗ്രൂപ്പ് റൗണ്ടിലെ മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് ഇന്ത്യ ജയിച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

