ഏകദിനം: രോഹിതിന് ശേഷം നയിക്കാൻ ആര്..? ചർച്ചയിൽ ശ്രേയസ് ഇല്ലെന്ന് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്റി20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നലെ വാർത്തകളിൽ നിറയുന്ന താരം ഐ.പി.എല്ലിലെ മിന്നും നായകൻ ശ്രേയസ് അയ്യരാണ്. ഏഷ്യാ കപ്പ് ടീമിൽ നിന്നും തഴഞ്ഞതായിരുന്നു ആദ്യ വാർത്തയെങ്കിൽ, കഴിഞ്ഞ ദിവസം മറ്റൊരു വിശേഷവുമായാണ് അയ്യർ ക്രിക്കറ്റ് വാർത്തകളിൽ സജീവമായത്. രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കുമെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത്തരം ചർച്ചകളെയെല്ലാം തള്ളുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). രോഹിതിനു പകരം ശ്രേയസ് അയ്യരെ ഏകദിന ക്യാപ്റ്റനായി നിയമിക്കാൻ നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടതായും എന്നാൽ, അങ്ങനെയൊരു ചർച്ച നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വൈകാതെ പടിയിറങ്ങുമെന്നതിനാലാണ് പുതിയ ക്യാപ്റ്റനെ നിയമിക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നത്. ഒക്ടോബറിൽ നടക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇരുവരും വിരമിക്കുമെന്നാണ് സൂചന.
ഗൗതം ഗംഭീർ പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെ ഓരോ ഫോർമാറ്റിലും വ്യത്യസ്ത നായകർ എന്നതാണ് ടീം മുന്നോട്ട് വെക്കുന്ന ആശയം. ഇതു പ്രകാരമാണ് ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനും, സൂര്യകുമാർ യാദവിനെ ട്വന്റി20 ക്യാപ്റ്റനുമാക്കിയത്. രോഹിതിനെ ഏകദിന നായകനായും നിലനിർത്തി. ട്വന്റി 20 ടീം വൈസ് ക്യാപ്റ്റനായയാണ് ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയത്.
രോഹിത് പടിയിറങ്ങുമ്പോൾ ആ ചുമതലയിൽ ആരെ നിയോഗിക്കുമെന്നതാണ് ബി.സി.സി.ഐക്ക് മുന്നിലെ പ്രധാന ചോദ്യം.
ക്യാപ്റ്റൻസിയിലെ ശ്രേയസ്
ഐ.പി.എല്ലിൽ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യർ. ബാറ്ററായും നായകനായും താരം തിളങ്ങി. മൂന്ന് തവണ വ്യത്യസ്ത ടീമുകളെ ഫൈനലിൽ എത്തിക്കുകയും 2024 ൽ നടന്ന ഐ.പി.എൽ ടൂർണമെന്റിൽ കിരീടം കെ.കെ.ആറിന് നേടികൊടുക്കുകയും ചെയ്‌ത താരമാണ് ശ്രേയസ് അയ്യർ. ഐ.പി.എൽ 2025 ൽ 14 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് കിങ്സിനെ ഫൈനലിലേക്ക് നയിക്കാനും ശ്രേയസിന് സാധിച്ചു. 2020ൽ ഡൽഹി കാപിറ്റൽസ് ഫൈനലിലെത്തിയപ്പോഴും ശ്രേയസ് ആയിരുന്നു ടീം നായകൻ.
നായകനെന്ന നിലയിലെ ശരീര ഭാഷയും, സഹതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള മികവുമെല്ലാം ശ്രേയസ്സിന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയരാനുള്ള ഘടകങ്ങളാണ്. എന്നാൽ, ദേശീയ ടീമിനെ നയിക്കാൻ ഇതുവരെ താരത്തിന് അവസരം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.
മധ്യനിരയിൽ ശ്രേയസ് ‘ഇംപാക്ട്’
വെറുമൊരു നായകൻ എന്നതിനൊപ്പം മധ്യനിരയിൽ ബാറ്റുമായി പടനയിച്ച് ടീമിന് വിജയം നൽകാൻ ശേഷിയുള്ള ക്യാപ്റ്റനുമാണ് ശ്രേയസ് എന്ന് ഇതിനകം ബോധ്യപ്പെടുത്തിയതാണ്. ഐ.പി.എല്ലിലെ വ്യക്തിഗത പ്രകടനങ്ങൾ ഇതിന് സാക്ഷ്യം പറയും.
ഏകദിനത്തിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ശ്രേയസ്. കഴിഞ്ഞ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ 243 റൺസുമായി ഇന്ത്യൻ നിരയിൽ മുന്നിലായിരുന്നു താരത്തിന്റെ സ്ഥാനം. 70 ഏകദിനങ്ങളിൽ ഇന്ത്യക്കായി ബാറ്റേന്തിയ താരം അഞ്ച് സെഞ്ച്വറിയും 22 അർധസെഞ്ച്വറിയുമായ 2845 റൺസ് അടിച്ചെടുത്തിരുന്നു.
ഇപ്പോൾ ബി.സി.സി.ഐ നിഷേധിക്കുന്നുണ്ടെങ്കിലും 2027 ഏകദിന ലോകകപ്പിൽ ശ്രേയസിനോളം മികച്ച ക്യാപ്റ്റൻ ഇന്ത്യക്കുണ്ടാവില്ലെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

