‘വിരാട് കോഹ്‌ലി ഉള്ളപ്പോൾ സൂപ്പർമാനെ ആർക്കുവേണം’; ഐതിഹാസികമെന്ന് ഗവാസ്കർ
text_fieldsറായ്പുരിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി
റായ്പുർ: ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നേടിയ സെഞ്ച്വറിയോടെ, പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഇന്ത്യയുടെ സ്വന്തം കിങ് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും മൂന്നക്കം തികച്ച റൺ മെഷീൻ, പെർഫോമൻസിന്‍റെ മാറ്റ് അൽപം പോലും കുറഞ്ഞിട്ടില്ലെന്നും തെളിയിക്കുന്ന ക്ലാസ് ഇന്നിങ്സ്. ഏകദിനത്തിലെ 53-ാം സെഞ്ച്വറിയാണ് കോഹ്‌ലി റായ്പുരിൽ കുറിച്ചത്. തൊട്ടുപിന്നിലുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെക്കാൾ നാലെണ്ണം മുന്നിൽ ഇപ്പോൾ തന്നെയെത്തി. കോഹ്‌ലിയുടെ മിന്നും ഫോമിൽ ആഹ്ളാദം പങ്കുവെക്കുകയാണ് മുൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഗവാസ്കർ.
“വിരാട് കോഹ്‌ലി സ്വന്തമായുള്ളപ്പോൾ സൂപ്പർമാനെ ആർക്കുവേണം? അദ്ദേഹത്തിന്‍റെ കരിയർ റെക്കോഡിൽ എത്ര സിംഗിളുകൾ ഓടിയെടുത്തുവെന്ന് നിങ്ങൾക്ക് കാണാനാകും. ഏത് ഫോർമാറ്റായാലും സിംഗിളുകളാണ് ബാറ്റിങ്ങിന്‍റെ ജീവരക്തം. താൻ സ്വതന്ത്രനാണെന്ന് ബാറ്റർക്ക് തോന്നുന്നത് അപ്പോഴാണ്. ചലനശേഷി നഷ്ടപ്പെട്ടെന്നോ ബൗളറാൽ കുഴപ്പിക്കപ്പെട്ടെന്നോ അപ്പോൾ തോന്നില്ല. അദ്ദേഹത്തിന്‍റെ റൺ മാത്രമല്ല, സഹതാരത്തിനു വേണ്ടിയുള്ള പ്രകടനം കൂടിയാണത്. ഋതുരാജ് ഗെയ്ക്വാദിനൊപ്പമുള്ള പർട്നർഷിപ് നിങ്ങൾ കണ്ടില്ലേ. 53-ാം സെഞ്ച്വറി. ഐതിഹാസികം!” -ഗവാസ്കർ പറഞ്ഞു.
37കാരനായ കോഹ്‌ലി 90 പന്തിലാണ് 53-ാം ഏകദിന സെഞ്ച്വറി തികച്ചത്. അന്താരാഷ്ട്ര കരിയറിലെ ആകെ സെഞ്ച്വറികൾ 84 ആയി. നിലവിലെ ഫോമിൽ, 100 സെഞ്ച്വറികളുള്ള (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) സചിനെ മറികടക്കാൻ വലിയ പ്രയാസമില്ല എന്നതാണ് യാഥാർഥ്യം. തുടർച്ചയായ ഇന്നിങ്സുകളിൽ ഇത് 11-ാം തവണയാണ് കോഹ്‌ലി സെഞ്ച്വറി നേടുന്നത്. ഇതിനു പിന്നിലുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്സ് ആറ് തവണ മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഓർക്കണം. 93 പന്തിൽ 102 റൺസ് നേടിയാണ് താരം പുറത്തായത്. മൂന്നാം വിക്കറ്റിൽ ഋതുരാജിനൊപ്പം 195 റൺസിന്‍റെ പാർട്നർഷിപ്പാണ് കോഹ്‌ലി സൃഷ്ടിച്ചത്. റായ്പുരിൽ കന്നി സെഞ്ച്വറി നേടാൻ ഋതുരാജിനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

