‘സഹതാരങ്ങൾ പാണ്ട എന്നാണ് വിളിച്ചിരുന്നത്’; ശരീരഭാരം കുറക്കാൻ കോഹ്ലി സഹായിച്ചതിനെ കുറിച്ച് സർഫറാസ് ഖാൻ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്‍റെ രൂപമാറ്റമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച. രണ്ടുമാസം കൊണ്ട് ശരീരഭാരം 17 കിലോയാണ് താരം കുറച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും സീനിയർ ടീമിലേക്ക് വിലങ്ങുതടിയായത് താരത്തിന്‍റെ ഫിറ്റ്നസായിരുന്നു. മുൻ താരങ്ങൾ ഉൾപ്പെടെ താരത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കഠിനമായ ഡയറ്റ് ഫിറ്റ്നസ് ട്രെയിനിങ്ങിലൂടെയും ഭക്ഷണക്രമത്തിലൂടെയും താരം ശരീരഭാരം കുറച്ചത്.
എന്നാൽ, താരം ആദ്യമായിട്ടല്ല ശരീരഭാരം കുറക്കാനുള്ള ശ്രമം നടത്തുന്നത്. അഞ്ചു വർഷം മുമ്പ് വെറ്ററൻ താരം വിരാട് കോഹ്ലിയും കടുത്ത ഡയറ്റിങ്ങിലൂടെ ശരീരഭാരം കുറക്കാൻ സഹായിച്ചിരുന്നതായി സർഫറാസ് വെളിപ്പെടുത്തി. 2015ൽ കോഹ്ലിക്കു കീഴിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പമാണ് സർഫറാസ് ഐ.പി.എൽ അരങ്ങേറ്റം കുറിക്കുന്നത്. മൂന്നു സീസണുകളിൽ ആർ.സി.ബിക്കൊപ്പമായിരുന്നു. പിന്നാലെ 2019ൽ പഞ്ചാബ് കിങ്സിലേക്ക് മാറി. 2019-20 സീസണിൽ രഞ്ജി ട്രോഫിയിൽ സർഫറാസ് തിളങ്ങിയ കാലമായിരുന്നു.
ഫിറ്റ്‌നസിനോടും പ്രഫഷനലിസത്തോടും കോഹ്ലി പുലർത്തിയിരുന്ന അചഞ്ചലമായ പ്രതിബദ്ധത സർഫറാസിനെയും സ്വാധീനിച്ചു. ‘അന്ന് ഫിറ്റ്നസ് മെച്ചപ്പെടുത്തിയതോടെ മത്സരങ്ങളിൽ കൂടുതൽ റൺസ് നേടാനായി. ഒരു സമയത്ത്, ടീമിലെ സഹതാരങ്ങളെല്ലാം ‘പാണ്ട’ എന്നാണ് വിളിച്ചിരുന്നത്, കാരണം ഞാൻ ധാരാളം ഭക്ഷണം കഴിക്കുമായിരുന്നു. ഇപ്പോൾ, അവർ എന്നെ ‘മച്ചോ’ എന്നാണ് വിളിക്കുന്നത്. വാസ്തവത്തിൽ, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത് എന്റെ വിളിപ്പേരാണെന്ന് അറിയൂ’ -സർഫറാസ് പറഞ്ഞു.
ഫിറ്റ്നസ് ചൂണ്ടിക്കാട്ടിയാണ് ആർ.സി.ബി ടീമിൽനിന്ന് ഒഴിവാക്കിയത്. തന്‍റെ കഴിവിൽ യാതൊരു സംശയമില്ലെന്നും ഈ ഫിറ്റ്നസും വെച്ച് ക്രിക്കറ്റിൽ കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കുക പ്രയാസമാണെന്നും കോഹ്‌ലി അന്ന് മുഖത്ത് നോക്കി പറഞ്ഞു. കോഹ്ലിയുടെ സത്യസന്ധമായ ആ വാക്കുകൾ വലിയ തിരിച്ചറിവുണ്ടാക്കിയെന്നും സർഫറാസ് പറയുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എ ടീമിനായി അനൗദ്യോഗിക ടെസ്റ്റില്‍ സർഫറാസ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ സര്‍ഫറാസ് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മധ്യനിര ബാറ്ററായി മലയാളി താരം കരുൺ നായരെയാണ് ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. സർഫറാസ് ശരീര ഭാരം കുറക്കാനായി തന്‍റെ ഇഷ്ട ഭക്ഷണമായ ചിക്കൻ, മട്ടൺ ബിരിയാണി വരെ ഒഴിവാക്കിയതായി പിതാവ് നൗഷാദ് ഖാൻ വെളിപ്പെടുത്തി. ഇന്ത്യക്കായി ആറു ടെസ്റ്റുകൾ കളിച്ച സർഫറാസ്, 371 റൺസ് നേടിയിട്ടുണ്ട്. 37.10 ആണ് ശരാശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

