‘ചോദിച്ചതെല്ലാം കൊടുത്തു, എന്നിട്ടും തോൽവി മാത്രം’; പരിശീലകൻ ഗംഭീറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം
text_fieldsമുംബൈ: ഗൗതം ഗംഭീറിനു കീഴിൽ വൈറ്റ് ബാൾ ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച പ്രകടനം നടത്തുമ്പോഴും, ടെസ്റ്റ് ക്രിക്കറ്റിൽ ടീം നിരാശപ്പെടുത്തുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ, ആദ്യ മത്സരം ജയിക്കാമായിരുന്നിട്ടും ഇന്ത്യ കൈവിട്ടു.
ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പര 3-0ത്തിന് അടിയറവെച്ച് ഇന്ത്യ നാണംകെട്ടു. പിന്നാലെ ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലും തോറ്റ് പരമ്പര നഷ്ടപ്പെടുത്തി. ഇതിനിടെ വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് കരിയർ അവസാനിച്ചു.
രോഹിത്തിന്‍റെ പിൻഗാമിയായി ശുഭ്മൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നായകനായി. ഇംഗ്ലണ്ട് മണ്ണിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ആത്മവിശ്വാസം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ അവിടെയെത്തിയത്. എന്നാൽ, പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തന്നെ ടീം അഞ്ചു വിക്കറ്റിനു തോറ്റു. ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്‍റെ മോശം പ്രകടനത്തിൽ ഗംഭീറിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തോൽവിയിൽ പുതുതായി നായക പദവി ഏറ്റെടുത്ത ശുഭ്മൻ ഗില്ലിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് ചോപ്രയുടെ വാദം.
വിമർശനങ്ങളെല്ലാം ഗംഭീറിനുനേരെയാണ്. ‘ഗംഭീറിനുമേൽ സമ്മർദം ഏറിവരികയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ പ്രകടനം നോക്കുകയാണെങ്കിൽ, അധിക മത്സരങ്ങളൊന്നും ജയിക്കാനായിട്ടില്ല. ബംഗ്ലാദേശിനെതിരെ രണ്ടു മത്സരങ്ങളും ആസ്ട്രേലിയയോട് ഒരു കളിയും ജയിച്ചു. ന്യൂസിലൻഡിനോടും ആസ്ട്രേലിയയോടും മൂന്നും ഇംഗ്ലണ്ടിനോട് ഒരു കളിയും തോറ്റു. അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്. വൈറ്റ് ബാൾ ക്രിക്കറ്റിൽ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. പക്ഷേ ടെസ്റ്റിൽ അങ്ങനെയല്ല’ -ചോപ്ര അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഗംഭീറിനു ചോദിച്ചതെല്ലാം കൊടുത്തിട്ടുണ്ട്. ഇനി ഫലങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചോപ്ര പറയുന്നു. വൈറ്റ് ബാൾ ക്രിക്കറ്റിൽ പ്രകടനം മികച്ചതാണ്. ടീം നന്നായി കളിക്കുന്നുണ്ട്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ, ചോദ്യങ്ങൾ ബാക്കിയാണ്. ഇംഗ്ലണ്ട് പരമ്പരയിൽ ഗംഭീറിനു മുകളിൽ ഒരുപാടു സമ്മർദമുണ്ടെന്നാണു തോന്നുന്നതെന്നും ചോപ്ര പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

