പഞ്ചാബ് - ആർ.സി.ബി ഒന്നാം ക്വാളിഫയർ മഴയെടുക്കുമോ? അങ്ങനെയെങ്കിൽ സാധ്യത ഇങ്ങനെ...
text_fieldsപഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ രജത് പാട്ടിദാറും
മുല്ലൻപുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പർമാരായ പഞ്ചാബ് കിങ്സും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ഒന്നാം ക്വാളിഫയർ മത്സരം നടത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മുല്ലൻപുർ സ്റ്റേഡിയം. നിലവിൽ മത്സരത്തിന് മഴ ഭീഷണി ഇല്ലെങ്കിലും അത്തരമൊരു സാധ്യത വന്നാൽ എന്താകും തുടർനടപടികളെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഒന്നാം ക്വാളിഫറിൽ തോൽക്കുന്ന ടീമിന് വീണ്ടും അവസരം ലഭിക്കുമെന്നിരിക്കെ, ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. ഇന്നത്തെ മത്സരത്തിന് റിസർവ് ദിനം ഇല്ലാത്തതിനാൽ, കളി ഉപേക്ഷിക്കേണ്ടി വന്നാൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള പഞ്ചാബ് കിങ്സ് ഫൈനൽ ബർത്ത് ഉറപ്പിക്കും. ഇരുടീമുകൾക്കും ലീഗ് റൗണ്ടിൽ 19 പോയിന്റ് വീതമാണുള്ളത്. എന്നാൽ നെറ്റ് റൺറേറ്റിലെ മുൻതൂക്കം കിങ്സിനെ ഒന്നാമരാക്കുന്നു.
ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം, മുംബൈ ഇന്ത്യൻസ് -ഗുജറാത്ത് ജയന്റ്സ് എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടും. അതിൽ ജയിക്കുന്ന ടീം ഇന്നത്തെ വിജയികളുമായി കലാശപ്പോരിൽ കൊമ്പുകോർക്കും. ഐ.പി.എൽ പ്ലേ ഓഫിലെ ദുരന്തം ആർ.സി.ബിയെ സംബന്ധിച്ച് പുതുമയില്ലാത്തതാണ്. ഒമ്പത് സീസണുകളിൽ ടീം പ്ലേ ഓഫിലെത്തിയപ്പോൾ ആറിലും പുറത്തേക്കാണ് വഴി തെളിഞ്ഞത്.
മൂന്നെ് സീസണിൽ ആർ.സി.ബി ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. കഴിഞ്ഞ ദിവസം അവസാന ലീഗ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ് കുറിച്ച 227 റൺസ് വിജയകരമായി ചേസ് ചെയ്താണ് രജത് പാട്ടിദാറും സംഘവും പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്തിയത്. പുറത്താവാതെ 33 പന്തിൽ 85 റൺസെടുത്ത് പ്ലെയർ ഓഫ് ദ മാച്ചായ ജിതേഷ് ശർമയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സും കണ്ടു.
അർധ ശതകം നേടിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ബംഗളൂരു. പരിക്ക് ഭേദമായി ആസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡും മധ്യനിര ബാറ്റർ ടിം ഡേവിഡും തിരിച്ചെത്തിയേക്കും. ദേശീയ ടീമിനൊപ്പം ചേരാനായി മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡിയുടെയും ഇംഗ്ലീഷ് ഓൾ റൗണ്ടർ ജേക്കബ് ബേത്തലിന്റെയും സേവനമുണ്ടാകില്ല.
2014നു ശേഷം ഇതാദ്യമാണ് പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വം വലിയ മുതൽക്കൂട്ടാണ്. ഓപണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും കൊളുത്തിവെക്കുന്ന തീ ശ്രേയസും നെഹാൽ വധേരയുമടക്കം പിന്നാലെ വരുന്നവർ ഏറ്റുപിടിച്ചാൽ ഫിനിഷ് ചെയ്യാൻ ശശാങ്ക് സിങ്ങിനെ കഴിഞ്ഞുള്ളൂ വേറാരും.
വിശ്രമത്തിലായിരുന്ന സ്പിന്നർ യുസ്വേന്ദ്ര ചാഹൽ തിരിച്ചെത്തിയേക്കും. ഫോമിലുള്ള പ്രോട്ടീസ് ഓൾ റൗണ്ടർ മാർകോ യാൻസെൻ ദേശീയ ടീമിലേക്ക് മടങ്ങിയത് തിരിച്ചടിയാണ്. അർഷ്ദീപ് സിങ് നയിക്കുന്നതാണ് പേസ് ബൗളിങ് ഡിപ്പാർട്മെന്റ്. വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിനായി ആരാധകർ കാത്തിരിപ്പിലാണ്. ആദ്യ കിരീടം നോട്ടമിട്ടിറങ്ങുന്ന ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ലക്ഷ്യമിടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

