വാട്ട് എ ജോഷ്..... ലോകകപ്പിൽ ഇന്ത്യ മുത്തമിടുമ്പോൾ ജോഷിതയെന്ന മലയാളിയായിരുന്നു വിജയത്തിന്റെ തലപ്പത്ത്
text_fieldsവി.ജെ. ജോഷിത
അണ്ടര്‍ 19 വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മുത്തമിടുമ്പോൾ വി.ജെ. ജോഷിതയെന്ന ഓൾറൗണ്ടറുടെ പിതാവ് ജോഷി കൽപറ്റയിലെ ന്യൂഫോം ഹോട്ടലിൽ ജോലിത്തിരക്കിലായിരുന്നു. ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്നയും ലോകത്തിന്റെ നെറുകെയിൽ ജോഷിത ചുംബിക്കുന്നത് ടി.വിയിലൂടെ കാണുമ്പോൾ പണിത്തിരക്കിന്റെ ഇടവേളകളില്‍ വലംകൈയന്‍ പേസ് ബൗളറുടെ കിരീടനേട്ടം മൊബൈല്‍ ഫോണിലൂടെയാണ് പിതാവ് കണ്ടത്. കൊയ്ത്ത് കഴിഞ്ഞ വയലുകളിൽ പ്ലാസ്റ്റിക് പന്തെറിഞ്ഞ് ക്രിക്കറ്റ് കളിച്ചുതുടങ്ങി കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ വളർന്ന് ക്രിക്കറ്റ് ലോകത്തെത്തിയ മീഡിയം പേസറായ ഓള്‍റൗണ്ടർ ജോഷിതയുടെ സ്വപ്നത്തിന് കൂലിപ്പണിക്കാരായ മാതാപിതാക്കളും സഹോദരിയും എന്നും ഒപ്പമുണ്ടായിരുന്നു.
ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ജോഷിതയുടെ സമ്പാദ്യം. മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ ആറാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ജോഷിതയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാനും യാഥാർഥ്യമാകാനും അധികം വർഷങ്ങളൊന്നും വേണ്ടിവന്നില്ല. അവൾ ആഗ്രഹിച്ചതുപോലെ ക്രിക്കറ്റിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽനിന്നു തുടങ്ങി ഇന്ത്യൻ ടീമിലെത്തിയ വി.ജെ. ജോഷിത അങ്ങനെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഒരേയൊരു മലയാളി വനിതയായി.
അതിവേഗം ബഹുദൂരം
മുണ്ടേരി സ്കൂളിലെ ഈവനിങ് ക്യാമ്പിൽ ചേർന്നാണ് ക്രിക്കറ്റ് ലോകത്തേക്ക് ജോഷിത പിച്ചവെക്കുന്നത്. തുടർന്ന് നാസർ മച്ചാന്റെ നേതൃത്വത്തിലുള്ള വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് അവസരം ലഭിച്ചു. അതോടെ വയനാടിന്റെ മിന്നും താരങ്ങളായ സജന സജീവൻ, മിന്നു മണി എന്നിവരോടൊപ്പം ജോഷിതയും ക്രിക്കറ്റ് ലോകം കീഴടക്കാൻ വയനാട്ടിൽനിന്ന് കച്ചകെട്ടിയിറങ്ങി. കഴിഞ്ഞവർഷം പുണെയിൽ നടന്ന ത്രിരാഷ്ട്രകപ്പിലെ മികച്ചപ്രകടനത്തോടെയാണ് ജോഷിത അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്. അവിടെയും തിളങ്ങിയതോടെ ലോകകപ്പ് ടീമിലെത്തി.
ലോകകപ്പിലെ ആദ്യമത്സരത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ അഞ്ചുറൺസിന് രണ്ടുവിക്കറ്റുമായി കളിയിലെ താരമായി. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ ബിരുദവിദ്യാർഥിയായ 18കാരി ഇക്കുറി വനിതാ പ്രീമിയർ ലീഗിലും ഇടംനേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമാണ് 10 ലക്ഷം രൂപക്ക് ജോഷിതയെ ലേലത്തിലെടുത്തത്.
സ്വപ്നങ്ങൾക്കു പിറകെ
കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്നത്തിന് നിറംപകര്‍ന്നത് മാതാപിതാക്കളാണ്. വാടകവീട്ടിൽ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലിചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനത്തിന് പക്ഷ ഒരു മുടക്കവും വരുത്തിയില്ല. വിദ്യാലയവളപ്പില്‍ കുട്ടികള്‍ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ജോഷിത പുലര്‍ത്തുന്ന വ്യത്യസ്തത പരിശീലകന് അമല്‍ ബാബുവിന്റെ ശ്രദ്ധയിൽപെട്ടതോടെ ജോഷിതക്ക് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വഴിയൊരുക്കി.
ചെറുപ്രായത്തില്‍തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട താരം ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. തെങ്ങിന്റെ മടലുകൊണ്ടായിരുന്നു ജോഷിത കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ഒരു ബാറ്റ് പോലും അവൾക്ക് ഇതുവരെയായി വാങ്ങിക്കൊടുത്തിട്ടില്ലെന്ന് പിതാവ് ജോഷി പറയുന്നു.
ഇനിയുമുണ്ട് സ്വപ്നങ്ങൾ
ലോക കപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കുക, കപ്പുയർത്തുക –ക്രിക്കറ്റ് പരിശീലനം തുടങ്ങിയ കാലംതൊട്ടുള്ള ആഗ്രഹമിതായിരുന്നുവെന്ന് ജോഷിത പറയുന്നു. ലോക കപ്പ് ജയിച്ചശേഷം ഇന്ത്യൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങിയ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. മികച്ച ടീമായിരുന്നു തങ്ങളുടേത്. ഒരു പ്രഷറുമില്ലാതെ കളിക്കാനായതും ടീം അംഗങ്ങളെല്ലാം വലിയ പിന്തുണ നൽകിയതും എടുത്തു പറയണം. ഏഴു വർഷംകൊണ്ട് ഇന്ത്യൻ ടീമിലെത്താനും ലോകകപ്പ് ജയിക്കാനുമായതിൽ അഭിമാനമുണ്ട്. ചേർത്തുനിർത്തിയ കുടുംബവും നാട്ടുകാരും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയും വയനാട് ക്രിക്കറ്റ് അസോസിയേഷനും പരിശീലകരുമെല്ലാം തന്റെ നേട്ടത്തിന്റെ വലിയ ഭാഗമാണ്. ഇനി ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടണം.
വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളാണ് ഇനി വരാനുള്ളത്. നന്നായി കളിക്കാൻ ശ്രമിക്കും. അതുവഴി സീനിയർ ടീമിൽ ഇടംനേടാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ഇന്ത്യക്ക് അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത യുവ ബൗളറെ നേരിൽ കാണാൻ കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സഹതാരങ്ങൾ. ജോഷിതയുടെ വിഡിയോ സന്ദേശം ആർ.സി.ബി സഹതാരങ്ങൾ പങ്കുവെച്ചിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

