വാംഖഡെയിൽ വിൻഡീസ് ‘ഹിറ്റ്’; സിംബാബ്വെക്കതിരെ 107 റൺസ് ജയം
text_fields19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഷിംറോൺ ഹെറ്റ്മെയറുടെ ആഹ്ലാദം
വാംഖഡെ: ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ച സിംബാബ്വെക്ക് മുന്നിൽ ബാറ്റിങ് സ്കിൽ ക്ലാസ് ആരംഭിച്ച് വിൻഡീസിന്റെ വെടിക്കെട്ട് പ്രകടനം. ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ മത്സരത്തിൽ 107 റൺസിനാണ് വിൻഡീസ് സിംബാബ്വെയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് സ്വന്തമാക്കിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന കൂറ്റൻ ടോട്ടൽ. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ സിംബാബ്വെക്ക് 17.4 ഓവറിൽ 147 റൺസ് മാത്രമാണ് നേടാനായത്.
വിൻഡീസ് ഓപണർ ബ്രണ്ടൻ കിങ്ങും (9), ക്യാപ്റ്റൻ ഷായ് ഹോപ്പും (14) എളുപ്പം പുറത്തായെങ്കിലും മധ്യനിരയിൽ ഷിംറോൺ ഹെറ്റ്മയും (34 പന്തുകളിൽ 85), റോവ്മൻ പവലും (59) അടിച്ചു തകർത്തു. 34 പന്തിൽ ഏഴ് സിക്സും ഏഴ് ബൗണ്ടറിയുമായാണ് ഹെറ്റ്മയർ വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവെച്ചത്. 19 പന്തിൽ അർധ സെഞ്ച്വറി തികച്ച ഹെറ്റ്‌മെയർ, ടി20 ലോകകപ്പിൽ ഒരു വെസ്റ്റിൻഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡും സ്വന്തമാക്കി. റോവ്മൻ പവൽ 35 പന്തിൽ നാല് വീതംബൗണ്ടറിയും സിസ്കുകളും പറത്തി.
നായകൻ റോവ്മാൻ പവലും ഹെറ്റ്‌മെയറും ചേർന്ന് മൂന്നാം വിക്കറ്റിൽ 52 പന്തിൽ 122 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. പവൽ 35 പന്തിൽ 59 റൺസെടുത്തു. അവസാന ഓവറുകളിൽ ഷെർഫാൻ റഥർഫോർഡ് (13 പന്തിൽ 31*), റൊമാരിയോ ഷെപ്പേർഡ് (10 പന്തിൽ 21) എന്നിവരും തകർത്തടിച്ചതോടെ വിൻഡീസ് സ്കോർ 250 കടന്നു.
255 റൺസ് എന്ന അസാധ്യ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കം മുതലേ പിഴച്ചു. പവർപ്ലേയിൽ തന്നെ അവർക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. മികച്ച ഫോമിലായിരുന്ന ബ്രയാൻ ബെന്നറ്റ് ഈ ടൂർണമെന്റിൽ ആദ്യമായി പൂജ്യത്തിന് പുറത്തായി. അഖീൽ ഹൊസൈൻ എറിഞ്ഞ ഒരു മെയ്ഡൻ ഓവറിൽ രണ്ട് വിക്കറ്റുകൾ വീണതോടെ സിംബാബ്‌വെ പതറി.
മധ്യനിരയിൽ സിക്കന്ദർ റാസയും (27) ഡിയോൺ മയേഴ്സും (28) അല്പനേരം പിടിച്ചുനിന്നെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് ബൗളർമാർ സമ്മർദ്ദം നിലനിർത്തി. എട്ടാമനായി ഇറങ്ങിയ ബ്രാഡ് ഇവാൻസ് 21 പന്തിൽ 43 റൺസെടുത്ത് നടത്തിയ മിന്നൽ പ്രകടനം സിംബാബ്‌വെയുടെ തോൽവിയുടെ ആഘാതം കുറച്ചു. ഒടുവിൽ 17.4 ഓവറിൽ 147 റൺസിന് സിംബാബ്‌വെ എല്ലാവരും പുറത്തായി. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി നാല് വിക്കറ്റുകൾ വീഴ്ത്തി തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഖീൽ ഹൊസൈൻ മൂന്ന് വിക്കറ്റും മാത്യു ഫോർഡ് രണ്ട് വിക്കറ്റും നേടി.
ജയത്തോടെ ഗ്രൂപ്പ് 1-ൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് വെസ്റ്റിൻഡീസ് ഒന്നാം സ്ഥാനത്തെത്തി. വിൻഡീസിന്റെ മികച്ച റൺറേറ്റ് (+5.350) സെമി ഫൈനൽ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, സിംബാബ്‌വെയുടെ വലിയ പരാജയം ഈ ഗ്രൂപ്പിലുള്ള ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയ വെസ്റ്റിൻഡീസ്, തങ്ങൾ ടൂർണമെന്‍റിലെ ഫേവറിറ്റുകളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഹെറ്റ്‌മെയർ ആണ് മാൻ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

