രണ്ടാം ടി20: ഇന്ത്യയെ 152 റൺസിനൊതുക്കി വിൻഡീസ്
text_fieldsപ്രോവിഡൻസ് (ഗയാന): ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 153 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസ് എടുത്തത്. അഞ്ചു ഫോറും ഒരു സിക്സുമടക്കം 41 പന്തിൽ 51 റൺസടിച്ച് തിലക് വർമ ടോപ് സ്കോററായി. ഓപണർ ഇഷാൻ കിഷൻ 23 പന്തിൽ 27ഉം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 24ഉം അക്സർ പട്ടേൽ 12 പന്തിൽ 14ഉം റൺസെടുത്ത് മടങ്ങി. ഓപണർ ശുഭ്മൻ ഗിൽ (ഒമ്പതു പന്തിൽ ഏഴ്), സൂര്യകുമാർ യാദവ് (മൂന്നു പന്തിൽ ഒന്ന്), സഞ്ജു സാംസൺ (ഏഴു പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റു പ്രധാന ബാറ്റർമാരുടെ സംഭാവന.
ശുഭകരമായിരുന്നില്ല രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് തുടക്കം. അൽസാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ഗില്ലിനെ ഷിംറോൺ ഹെറ്റ്മെയർ പിടിച്ചു. 16ൽ ആദ്യ വിക്കറ്റ് പോയ ഇന്ത്യക്ക് തൊട്ടടുത്ത ഓവറിൽ മറ്റൊരു പ്രഹരം. മൂന്നാമനായെത്തിയ സൂര്യകുമാർ യാദവിനെ കൈൽ മയേഴ്സ് റണ്ണൗട്ടാക്കി. 18ൽ രണ്ടാം വിക്കറ്റ് വീണ ടീമിനെ ഇഷാനും തിലകും ചേർന്നാണ് വൻതകർച്ചയിൽനിന്ന് കരകയറ്റിയത്. റൊമാരിയ ഷെപ്പേർഡ് എറിഞ്ഞ പത്താം ഓവറിലെ മൂന്നാം പന്തിൽ ഇഷാൻ ബൗൾഡാവുമ്പോൾ സ്കോർ ബോർഡിൽ 60. തിലകിനൊപ്പം പിടിച്ചുനിൽക്കുമെന്നു കരുതിയ സഞ്ജുവിന് പക്ഷേ ഏഴു പന്ത് മാത്രമായിരുന്നു ആയുസ്സ്. 12ാം ഓവറിലെ രണ്ടാം പന്തിൽ അകീൽ ഹുസൈനെതിരെ കൂറ്റനടിക്ക് ക്രീസ് വിട്ട സഞ്ജുവിന് പിഴച്ചു. വിക്കറ്റിനു പിറകിലുണ്ടായിരുന്ന നിക്കോളാസ് പുരാൻ ഞൊടിയിടയിൽ സ്റ്റംപ് ചെയ്തു. ഇന്ത്യ നാലിന് 76.
പകരമെത്തിയത് ക്യാപ്റ്റൻ പാണ്ഡ്യ. തകർപ്പനടികളുമായി സ്കോറുയർത്തിയ തിലക് അന്താരാഷ്ട്ര കരിയറിലെ ആദ്യ അർധശതകം 39ാം പന്തിൽ കണ്ടെത്തി. പിന്നാലെ മടക്കടിക്കറ്റും. 16ാം ഓവർ പൂർത്തിയാവാനിരിക്കെ ഹുസൈന്റെ പന്തിൽ തിലകിനെ ഒബേദ് മക്കോയ് ക്യാച്ചെടുത്തു. 114ലാണ് ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് വീഴുന്നത്. പാണ്ഡ്യയുടെ രക്ഷാപ്രവർത്തനം 18 ഓവർ പൂർത്തിയാകവെ അവസാനിച്ചു. അൽസാരിയുടെ പന്തിൽ കുറ്റിതെറിച്ച് നായകൻ തിരിഞ്ഞുനടക്കുമ്പോൾ സ്കോർ ആറിന് 130. 20ാം ഓവറിന്റെ തുടക്കത്തിൽ അക്സർ വിക്കറ്റ് കീപ്പർ പുരാന്റെ ഗ്ലൗസിലൊതുങ്ങി. ഷെപ്പേർഡിനും രണ്ടാം വിക്കറ്റ്. ഏഴിന് 139. തുടർന്ന് രവി ബിഷ്ണോയിയും (നാലു പന്തിൽ എട്ട്) അർഷ്ദീപ് സിങ്ങും (രണ്ടു പന്തിൽ അഞ്ച്) ചേർന്നാണ് സ്കോർ 150 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

